കാബൂൾ : അഫ്ഗാനിസ്താനിൽ നിന്നും ഉന്നത ഉദ്യോഗസ്ഥരെയും ഇന്ത്യൻ പൗരൻമാരെയും തിരിച്ചുവിളിക്കാൻ ഇന്ത്യ ഒരുങ്ങുന്നു. അഫ്ഗാനിൽ താലിബാൻ ആക്രമണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട പദ്ധതികൾ ആസൂത്രണം ചെയ്തതായും കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
അഫ്ഗാനിലെ നഗരങ്ങളായ കാബൂൾ,കാണ്ഡഹാർ, മസർ-ഇ-ഷെരീഫ് എന്നിവിടങ്ങളിൽ നിന്നാണ് ഇന്ത്യൻ പൗരന്മാരെ മാറ്റുന്നത്. സുരക്ഷാ സാഹചര്യം വഷളായതിനെ തുടർന്ന് പ്രദേശത്ത് എംബസികളും കോൺസുലേറ്റുകളും പ്രവർത്തിപ്പിക്കാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളത്. താലിബാൻ ആക്രമണം ഭയന്ന് അഫ്ഗാൻ ഉദ്യോഗസ്ഥർ പോലും സർക്കാർ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ നിന്നും പലായനം ചെയ്യുകയാണ്. താലിബാൻ ആക്രമണം പേടിച്ച് അഫ്ഗാൻ സേനയിലെ 300 ഓളം സൈനികർ തജകിസ്താൻ അതിർത്തി കടന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
കാബൂളിലെ ഇന്ത്യൻ എംബസി കൂടാതെ നാല് കോൺസുലേറ്റുകളാണ് അഫ്ഗാനിസ്താനിൽ ഇന്ത്യയ്ക്ക് ഉള്ളത്. ഇവിടെ സൈനിക ഉദ്യോഗസ്ഥർ അഫ്ഗാൻ സൈന്യത്തേയും പോലീസ് സേനയെയും പരിശീലിപ്പിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. നേരത്തെ ഹെറാത്ത് നഗരത്തിലും ജലാലാബാദിലുമുള്ള ഇന്ത്യൻ കോൺസുലേറ്റുകളുടെ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. എന്നാൽ കാണ്ഡഹാറിലെയും മസർ-ഇ-ഷെരീഫിലെയും കോൺസുലേറ്റുകൾ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്.
ഇന്ത്യയിലെ മുഴുവൻ ഉദ്യോഗസ്ഥരും മടങ്ങിവരുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. എന്നാൽ ഉദ്യോഗസ്ഥരെ ഒഴിപ്പിക്കാനുള്ള ശ്രമത്തിലാണെന്നും ഉടൻ തന്നെ രാജ്യത്തെത്തിക്കാനുള്ള നീക്കങ്ങൾ ആരംഭിക്കുമെന്നും സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു
അഫ്ഗാനിസ്താനിൽ നിന്നും യുഎസ് സൈന്യം പിൻവാങ്ങിയതിന് പിന്നാലെയാണ് താലിബാൻ ആക്രമണം ആരംഭിച്ചത്. 2001 ലെ വേൾഡ് ട്രേഡ് സെന്ററിൽ നടന്ന ഭീകരാക്രമണത്തിന് പിന്നാലെയാണ് യുഎസ് സൈന്യം രാജ്യത്തെത്തിയത്. തുടർന്ന് 20 വർഷത്തോളം കാലം രാജ്യത്തെ താലിബാൻ അൽ ഖ്വായ്ദ ആക്രമണങ്ങളിൽ നിന്നും സംരക്ഷിച്ചു. എന്നാൽ 2021 സെപ്റ്റംബറിന് മുൻപ് യുഎസ് സൈന്യത്തെ തിരികെ എത്തിക്കും എന്ന് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് സൈന്യം പിൻവാങ്ങിയത്