ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് മാങ്ങകൾ സമ്മാനിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മുഖ്യമന്ത്രിയായി അധികാരമേറ്റ സമയത്ത് ആരംഭിച്ച ചടങ്ങാണ് മമത നിലനിർത്തിക്കൊണ്ടുപോകുന്നത്. ഹിംസാഗർ, മാൾഡ, ലക്ഷ്മൺഭോഗ് എന്നിങ്ങനെ വിവിധ ഇനം മാങ്ങകളാണ് പ്രധാനമന്ത്രിയ്ക്ക് മമത സമ്മാനിച്ചത്.
2011 ൽ അധികാരത്തിലേറിയത് മുതൽ മമത ബാനർജി നേതാക്കൾക്ക് സമ്മാനങ്ങൾ അയയ്ക്കാറുണ്ട്. പ്രധാനമന്ത്രിയ്ക്ക് പ്രത്യേകം കുർത്തകളും മധുരപലഹാരങ്ങളും അയയ്ക്കുക പതിവാണ്. ഇത് പ്രധാനമന്ത്രി തന്നെ ഒരിക്കൽ പരാമർശിച്ചിട്ടുമുണ്ട്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന എല്ലാ വർഷവും തനിക്ക് പുതിയ തരത്തിലുള്ള മധുരപലഹാരങ്ങൾ അയച്ചു തരാറുണ്ട്. ഇത് കണ്ടെത്തിയതോടെ അടുത്ത വർഷം മുതൽ മമത ബാനർജിയും സമ്മാനങ്ങൾ അയയ്ക്കാൻ ആരംഭിച്ചെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.
പ്രധാനമന്ത്രി കൂടാതെ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർക്കും മമത ബാനർജി മാങ്ങ സമ്മാനമായി അയച്ചിരുന്നു. കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ എന്നിവർക്കും സമ്മാനം നൽകിയിട്ടുണ്ട്. ഇത് ബംഗാൾ ജനതയുടെ ആചാരമാണെന്നാണ് മമത ബാനർജി പറയുന്നത്