കോഴിക്കോട്: ബിജെപിക്കെതിരെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ചിലര്‍ കൃത്രിമമായി ഉണ്ടാക്കിയ ഭയപ്പാട് ഇല്ലാതാക്കാന്‍ നരേന്ദ്ര മോദിക്ക് കഴിഞ്ഞുവെന്ന് ബിജെപി ന്യൂനപക്ഷമോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റ് ഡോ. അബ്ദുള്‍സലാം. മുഴുവന്‍ ജനങ്ങളെയും ഒരുമിച്ചുകൊണ്ടുപോകുന്ന വികസന നയമാണ് മോദിക്കുള്ളത്. അതാണ് കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭ വികസനത്തിലും കണ്ടതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ബിജെപി ജില്ലാ കമ്മറ്റിയും ന്യൂനപക്ഷമോര്‍ച്ചയും 'മാരാര്‍ജി ഭവനില്‍' നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് ഇന്ത്യക്ക് ഒരു രക്ഷകനുണ്ട് എന്ന തോന്നല്‍ നമുക്കുണ്ടായിരിക്കുന്നു. അതും ലോകത്തിന്റെ നെറുകയില്‍ സ്ഥാനമുറപ്പിച്ച ഒരാളെ നമുക്ക് സംരക്ഷകനായി കിട്ടിയത് ഇന്ത്യാക്കാരുടെ ഭാഗ്യമാണെന്ന് ഡോ. അബ്ദുള്‍ സലാം പറഞ്ഞു. 24 മണിക്കൂറും രാജ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന നേതാവാണ് നരേന്ദ്രമോദി. അദ്ദേഹത്തിന്റെ പ്രവര്‍ത്തനശൈലിയാണ് എന്നെ ബിജെപിയിലേക്ക് ആകര്‍ഷിച്ചത്. ന്യൂനപക്ഷങ്ങള്‍ മോദിയുടെ ഭരണത്തില്‍ കീഴില്‍സുരക്ഷിതരാണെന്നും അദ്ദേഹത്തിന്റെ സംരക്ഷണം നമുക്ക് കൂടുതല്‍കാലം ഉണ്ടാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷങ്ങള്‍ക്ക് ആത്മവിശ്വാസം പകരുന്നവാക്കുകളാണ് കഴിഞ്ഞദിവസം ആര്‍എസ്എസ് മേധാവി മോഹന്‍ഭഗവത് പറഞ്ഞത്. ഭൂരിപക്ഷമെന്നോ ന്യൂനപക്ഷമെന്നോ ഉള്ള വ്യത്യാസമില്ലെന്നും നാം ആത്യന്തികമായി ഇന്ത്യാക്കാരാണെന്നുമുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ ഇവിടെത്തെ മുഴുവന്‍ പേര്‍ക്കും സന്തോഷം പകരുന്നതാണ്. ബിജെപിക്ക് കേരളം ഭരിക്കണമെങ്കില്‍ ന്യൂനപക്ഷങ്ങളുടെ പിന്തുണയും ആവശ്യമാണ് ഇവിടെയാണ് ന്യൂനപക്ഷ മോര്‍ച്ചയുടെ പ്രവര്‍ത്തനത്തിന്റെ പ്രസക്തിയെന്നും അദ്ദേഹം പറഞ്ഞു.
2026 ല്‍ നമുക്ക് കേരളത്തില്‍ ഭരണത്തിന്റെ ഭാഗമാകാന്‍ കഴിയും. അതിന് മുഴുവന്‍ ജനവിഭാഗങ്ങളെയും ഒരുകുടക്കീഴില്‍ കൊണ്ടുവരണം അതാണ് ന്യൂനപക്ഷ മോര്‍ച്ചയ്ക്ക് ചെയ്യാനുള്ള പ്രവര്‍ത്തനം. അതിനുവേണ്ടി കഠിനാധ്വാനം ചെയ്യാന്‍ ന്യൂനപക്ഷമോര്‍ച്ച നേതാക്കളെ ഓര്‍മ്മപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്വീകരണമൊരുക്കിയ ബിജെപി ജില്ലാക്കമ്മറ്റിക്കും ന്യൂനപക്ഷമോര്‍ച്ചയ്ക്കും അദ്ദേഹം നന്ദിരേഖപ്പെടുത്തി.
വിദ്യാഭ്യാസത്തിലും മറ്റ് വിവിധ മേഖലകളിലും ഉന്നത സ്ഥാനം വഹിക്കുന്നവര്‍ ബിജെപിയിലേക്ക് വരുന്നത് സ്വാഗതാര്‍ഹമാണ്. അക്കാദമിക രംഗത്തും മാനേജുമെന്റിലും മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചയാളാണ് ഡോ. അബ്ദുള്‍ സലാം. ന്യൂനപക്ഷമോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റ് എന്ന സ്ഥാനം അദ്ദേഹത്തിന്റെ അര്‍ഹതക്കുളള അംഗീകാരമാണെന്നും വലിയ അംഗീകാരങ്ങള്‍ അദ്ദേഹത്തിനെ തേടിയെത്തുമെന്നും അധ്യക്ഷത വഹിച്ച ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന്‍ പറഞ്ഞു.
ഉത്തരമേഖല അധ്യക്ഷന്‍ ജയചന്ദ്രന്‍, ജില്ലാ ജനറല്‍ സെക്രട്ടറി എം. മോഹനന്‍, ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അജി തോമസ്, ന്യൂനപക്ഷ മോര്‍ച്ച കോഴിക്കോട് ജില്ല പ്രസിഡന്റ് ജോണി കുര്യാക്കോസ്, ജില്ലാ ജനറല്‍ സെക്രട്ടറി ഷേക് ഷാഹിദ്, മലപ്പുറം ജില്ലാ പ്രസിഡന്റ് സത്താര്‍ ഹാജി,ഹരിദാസ് പൊക്കിണാരി,ബി.കെ.പ്രേമന്‍,വി.കെ.ജയന്‍ എന്നിവര്‍ സംസാരിച്ചു.