ഡെൽറ്റയുടെ രോഗലക്ഷണങ്ങൾ സാധാരണ കൊവിഡ് ലക്ഷണങ്ങളിൽ നിന്ന് വ്യത്യസ്തമെന്ന് പഠനം Delta Plus Virus

കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദത്തിന്റെ രോഗലക്ഷണങ്ങൾ സാധാരണ കൊവിഡ് ലക്ഷണങ്ങളിൽ നിന്നും വ്യത്യസ്തമാണെന്ന് പഠനം. ആദ്യകാല കൊവിഡ് കേസുകളിൽ മൂക്കൊലിപ്പ് ഒരു പ്രധാന ലക്ഷണം ആയിരുന്നില്ലെന്നും, എന്നാൽ ഡെൽറ്റ വകഭേദം ബാധിച്ചവരിൽ ഇതൊരു പ്രാഥമിക ലക്ഷണമായി മാറിയെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ഓസ്‌ട്രേലിയയിലെ ഗ്രിഫിത്ത് സർവകലാശാല ബ്രിട്ടനിലെ രോഗികളിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.

വൈറസിന്റെ പരിണാമം ഉൾപ്പെടെയുള്ള കാരണങ്ങളാണ് രോഗലക്ഷണങ്ങളിലെ ഈ മാറ്റത്തിന് കാരണമായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്. രോഗപ്രതിരോധ സംവിധാനത്തിന്റെ കാര്യത്തില്‍ ഓരോ മനുഷ്യനും വ്യത്യസ്തനായതിനാല്‍ ഒരേ വൈറസിന് വ്യത്യസ്ത രോഗലക്ഷണങ്ങള്‍ കാണിക്കാന്‍ കഴിയുമെന്നും ഗവേഷകര്‍ പറഞ്ഞു.

ലോകത്തെ 85 രാജ്യങ്ങളിൽ തീവ്ര വ്യാപന ശേഷിയുള്ള ഡെൽറ്റ വകഭേദം കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. 170 രാജ്യങ്ങളിലാണ് ആൽഫ വകഭേദം സ്ഥിരീകരിച്ചത്. ആൽഫയേക്കാൾ വ്യാപന ശേഷി കൂടുതലുള്ള വകഭേദമാണ് ഡെൽറ്റ. നിലവിലെ പ്രവണത തുടരുകയാണെങ്കില്‍ ഏറ്റവും അപകടകാരിയായ വൈറസ് വകഭേദമായി ഡെല്‍റ്റ മാറാന്‍ സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഡെൽറ്റ വകഭേദം ബാധിക്കുന്ന രോഗികൾക്ക് മറ്റ് രോഗികളെ അപേക്ഷിച്ച് ഓക്സിജൻ കൂടുതലായി ആവശ്യമായി വരുന്നുവെന്നും, ഇവരെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കേണ്ടതായി വരുന്നതായും മരണ സംഖ്യ കൂടുതലാണെന്നും സിംഗപ്പൂരിൽ നടത്തിയ ഒരു പഠനത്തിൽ പറഞ്ഞിരുന്നു. ജപ്പാനില്‍ നടത്തിയ പഠനത്തിലും ആല്‍ഫാ വകഭേദത്തേക്കാള്‍ ഡെല്‍റ്റാവകഭേദം വേഗത്തില്‍ വ്യാപിക്കുന്നതായി പറയുന്നുണ്ട്.
Tags