കേരളത്തിലും മഹാരാഷ്ട്രയിലും കൊറോണ വൈറസിന്റെ ആർ ഫാക്ടർ അഥവാ വ്യാപന നിരക്ക് വർദ്ധിച്ചുവരുന്നതായി ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ് covid19

ന്യൂഡൽഹി : കേരളത്തിലും മഹാരാഷ്ട്രയിലും കൊറോണ വൈറസിന്റെ ആർ ഫാക്ടർ അഥവാ വ്യാപന നിരക്ക് വർദ്ധിച്ചുവരുന്നതായി ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. രാജ്യത്ത് കൊറോണ കേസുകൾ കുറഞ്ഞ് വരുന്നുണ്ടെങ്കിലും ഈ സംസ്ഥാനങ്ങളിലെ വർദ്ധനവ് ദേശീയ തലത്തിൽ രോഗവ്യാപനം വർദ്ധിക്കാൻ കാരണമാകാം. അതിനാൽ കടുത്ത ജാഗ്രത തുടരണമെന്ന് വിദഗ്ധർ നിർദ്ദേശിച്ചു.

ഒരു രോഗിയിൽ നിന്ന് എത്ര പേർക്ക് രോഗം പടരുന്നുണ്ടെന്ന് കണക്കാക്കാനുള്ള അക്കാദമിക് സൂചകമാണ് ആർ ഫാക്ടർ. രാജ്യത്ത് രോഗികളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും രോഗവ്യാപനത്തിന്റെ ഇടിവ് മന്ദഗതിയിലാണ് എന്നത് ആശങ്ക വർദ്ധിപ്പിക്കുന്നുവെന്ന് ചെന്നൈയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസിലെ വിദഗ്ധർ നടത്തിയ പഠനത്തിൽ കണ്ടെത്തി.

മഹാരാഷ്ട്രയിൽ കഴിഞ്ഞ ദിവസം 8535 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ 1.19 ലക്ഷം പേരാണ് സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നത്. മെയ് പകുതിയിൽ 0.79 ആയിരുന്നു ഇവിടുത്തെ ആർ ഫാക്ടർ എങ്കിൽ മെയ് 30 ഓടെ അത് 0.84 ആയി. ജൂൺ അവസാനത്തോടെ അത് 0.89 ആയി വർദ്ധിച്ചു. മഹാരാഷ്ട്രയിൽ ആർ ഫാക്ടർ ഒന്നിന് അടുത്തെത്തി എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അതേസമയം കേരളത്തിൽ കഴിഞ്ഞ ദിവസം 12,220 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1.15 ലക്ഷമായി. സംസ്ഥാനത്ത് ഈ മാസം ആദ്യം തന്നെ ആർ ഫാക്ടർ 1 പിന്നിട്ടു എന്ന് കണക്കുകൾ പറയുന്നു. ഇത് അപകടമാണെന്നും ശക്തമായ നിയന്ത്രണങ്ങൾ വേണമെന്നും വിദഗ്ധർ വ്യക്തമാക്കി.
Tags