കിറ്റിൽ ക്രീം ബിസ്കറ്റില്ല ; അധിക ബാദ്ധ്യതയെന്ന് മുഖ്യമന്ത്രി CM

തിരുവനന്തപുരം : സർക്കാരിന്റെ ഇക്കുറിയുള്ള ‘വിപുലമായ’ ഓണക്കിറ്റിൽ ക്രീം ബിസ്‌ക്കറ്റുണ്ടാകില്ല. ക്രീം ബിസ്‌ക്കറ്റ് ഉൾപ്പെടുത്താനുള്ള തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശത്തെ തുടർന്ന് ഉപേക്ഷിച്ചു. ബിസ്‌ക്കറ്റുകൾ ഉൾപ്പെടുത്തുന്നത് സർക്കാരിന് വൻ സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുമെന്ന വിലയിരുത്തലിനെ തുടർന്നാണ് തീരുമാനം.

90 ലക്ഷം കിറ്റുകളിൽ ക്രീം ബിസ്‌ക്കറ്റുകൾ ഉൾപ്പെടുത്തുന്നത് 22 കോടിയുടെ അധിക ചിലവ് സർക്കാരിന് ഉണ്ടാക്കുമെന്നാണ് കണക്കുകൂട്ടൽ. ഇതേ തുടർന്നാണ് ബിസ്‌ക്കറ്റുകൾ കിറ്റിൽ ഉൾപ്പെടുത്താനുള്ള ഭക്ഷ്യവകുപ്പിന്റെ നിർദ്ദേശം മുഖ്യമന്ത്രി എതിർത്തത്. ഇതോടെ കിറ്റിലെ സാധനങ്ങളുടെ എണ്ണം 16 ആകും.

17 ഇന സാധനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള കിറ്റിന് 592 കോടി രൂപ ചിലവുവരും. ക്രീം ബിസ്‌ക്കറ്റ് എടുത്തു കളയുന്ന സാഹചര്യത്തിൽ ഇത് 570 കോടിയായി ചുരുങ്ങും.

കുട്ടികൾക്കായി ഒരു വിഭവം എന്ന നിലയിലാണ് കിറ്റിൽ ബിസ്‌ക്കറ്റ് ഉൾപ്പെടുത്താൻ തീരുമാനിച്ചത്. ആദ്യം ചോക്ലേറ്റ് ഉൾപ്പെടുത്താനായിരുന്നു തീരുമാനം. എന്നാൽ ചോക്ലേറ്റ് അലിയുമെന്ന കാരണത്താൽ പിന്നീട് ക്രീം ബിസ്‌ക്കറ്റ് ആക്കുകയായിരുന്നു. പാക്കറ്റിന് 30 രൂപ വിലവരുന്ന ബിസ്‌കറ്റ് 22 രൂപയ്ക്ക് സർക്കാരിന് നൽകാമെന്നായിരുന്നു മുൻനിര ബിസ്‌ക്കറ്റ് കമ്പനി പറഞ്ഞത്.
Tags