ന്യൂഡൽഹി: പുനഃസംഘടനക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന് വൈകീട്ട് ചേരും. മുഴുവൻ മന്ത്രിമാരുടെ യോഗവും നടക്കും. പതിനഞ്ച് കാബിനറ്റ് മന്ത്രിമാരുൾപ്പടെ 43 അംഗങ്ങൾ ഇന്നലെ സത്യപ്രതിജ്ഞ ചെയ്തിരുന്നു. പുതിയ മന്ത്രിമാർ മന്ത്രാലയങ്ങളിലെത്തി ഔദ്യോഗികമായി ചുമതല ഏറ്റെടുത്തു.
ഇന്ന് വൈകീട്ട് അഞ്ചു മണിക്കാണ് മന്ത്രിസഭാ യോഗം ചേരുന്നത്. ഏഴ് മണിക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ മുഴുവൻ മന്ത്രിമാരുടെയും യോഗം തീരുമാനിച്ചിട്ടുള്ളത്. പുതുതായി നിയമിതരായ മന്ത്രിമാർ മന്ത്രാലങ്ങളിലെത്തി ചുമതല ഏറ്റെടുത്തു. ധനകാര്യവകുപ്പ് സഹമന്ത്രി ആയിരുന്ന അനുരാഗ് സിംഗ് താക്കൂർ വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രിയായി ചുമതലയേറ്റു. ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ, നിയമമന്ത്രി കിരൺ റിജിജു, മീനാക്ഷി ലേഖി, കിഷൻ റെഡ്ഡി, റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് ഉൾപ്പടെ നിരവധി മന്ത്രിമാർ അതാത് മന്ത്രാലയങ്ങളിലെത്തി ചുമതല എറ്റെടുത്തു.
നരേന്ദ്രമോദി സർക്കാർ അധികാരത്തിലേറി രണ്ടു വർഷം പിന്നിടുമ്പോൾ നടത്തിയ മന്ത്രിസഭാ വികസനത്തിൽ വലിയ മാറ്റങ്ങളായിരുന്നു കൊണ്ടുവന്നത്. രവിശങ്കർ പ്രസാദ് , ഡോക്ടർ ഹർഷവർധൻ, പ്രകാശ് ജാവദേക്കർ തുടങ്ങി പന്ത്രണ്ട് പേരെ മാറ്റിയപ്പോൾ യുവാക്കൾക്കും വനിതകൾക്കും കൂടുതൽ പ്രാതിനിധ്യം നൽകിയാണ് മന്ത്രിസഭ ശക്തിപ്പെടുത്തിയത്.