British
ലണ്ടൻ: ഇന്ത്യയുടെ കൊവിഷീൽഡ് വാക്സിന് അംഗീകാരം നൽകണമെന്ന് യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. യുകെയിൽ അംഗീകാരം നൽകിയ വാക്സിൻ സ്വീകരിച്ചവർക്ക് യൂറോപ്യൻ യൂണിയൻ നിബന്ധനകൾ തുടരുന്നത് എന്തു കൊണ്ടാണെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ കൊവിഷീൽഡ് വാക്സിൻ സ്വീകരിച്ച അമ്പത് ലക്ഷത്തോളം ആളുകളാണ് ബ്രിട്ടനിൽ ഉള്ളത്. ഈ സാഹചര്യത്തിൽ ഇന്ത്യൻ വാക്സിൻ സ്വീകരിച്ചവർക്ക് വാക്സിൻ പാസ്പോർട്ട് സംവിധാനത്തിൽ അർഹമായ ഇളവുകൾ നൽകേണ്ടതാണെന്ന് ബ്രിട്ടീഷ് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
അതേസമയം ഓസ്ട്രിയ, ജർമ്മനി, സ്ലൊവേനിയ, ഗ്രീസ്, ഐസ്ലാൻഡ്, അയർലൻഡ്, സ്പെയിൻ, സ്വിറ്റ്സർലൻഡ്, എസ്റ്റോണിയ തുടങ്ങിയ രാജ്യങ്ങളും കൊവിഷീൽഡിനെ പിന്തുണയ്ക്കുകയാണ്. ഫ്രാൻസും കൊവിഷീൽഡിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
നേരത്തെ, യൂറോപ്യൻ യൂണിയന്റെ വാക്സിൻ പാസ്പോർട്ട് നയപ്രകാരം കോവാക്സിനും കോവിഷീല്‍ഡും അംഗീകരിക്കണമെന്ന് യൂറോപ്യന്‍ യൂണിയൻ അംഗരാജ്യങ്ങളോട് ഇന്ത്യ ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. ഇതിനു തീരുമാനമായില്ലെങ്കിൽ യൂറോപ്യന്‍ രാജ്യങ്ങളുടെ വാക്സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഇന്ത്യയും സ്വീകരിക്കില്ലെന്ന മുന്നറിയിപ്പും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നല്‍കിയിരുന്നു.