കൊവിഡ് കാലത്ത് സൗജന്യ റേഷൻ റേഷൻ നൽകുന്ന സ്ഥലങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അതാത് മുഖ്യമന്ത്രിമരുടെയും ചിത്രങ്ങൾ ഉണ്ടാവണമെന്ന നിർദ്ദേശവുമായി ബിജെപി. റേഷൻ കേന്ദ്രങ്ങളിൽ ഇത്തരം ബാനറുകൾ സ്ഥാപിക്കണം. സംസ്ഥാന ഘടകങ്ങൾക്ക് അയച്ച കത്തിൽ ബിജെപി ജനറൽ സെക്രട്ടറി അരുൺ സിംഗ് ആണ് ഇത്തരത്തിൽ നിർദ്ദേശം നൽകിയിരിക്കുന്നത്. റേഷൻ സഞ്ചിയിൽ പാർട്ടി ചിഹ്നമായ താമരയുടെ ചിത്രവും ഉണ്ടാവണം.
പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന പദ്ധതി പ്രകാരം വിതരണം ചെയ്യുന്ന സൗജന്യ റേഷനുമായി ബന്ധപ്പെട്ടാണ് നിർദ്ദേശം. മാസം അഞ്ച് കിലോ ധാന്യമാണ് പദ്ധതിപ്രകാരം ഒരു കുടുംബത്തിലെ ഒരാൾക്ക് ലഭിക്കുക. ഈ വർഷം നവംബർ വരെ സൗജന്യ റേഷൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.