തിരുവനന്തപുരം : സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന സ്ത്രീധന പീഡനങ്ങൾക്കെതിരെ ഉപവാസമനുഷ്ഠിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സന്ദർശിച്ച് ബിജെപി നേതാക്കൾ. ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ, മുൻ എംഎൽഎ ഒ രാജഗോപാൽ, തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷൻ വി.വി രാജേഷ് എന്നിവരാണ് രാജ്ഭവനിലെത്തി ഗവർണറെ കണ്ടത്. സ്ത്രീധന സമ്പ്രദായത്തിനെതിരായ ധാർമ്മിക പോരാട്ടത്തിൽ പൂർണ പിന്തുണ നൽകുമെന്ന് നേതാക്കൾ അറിയിച്ചു
സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും മൂലം സമൂഹത്തിലും കുടുംബങ്ങളിലും അസ്വസ്ഥതകളും ശൈഥില്യവും വർദ്ധിച്ചുവരികയാണെന്ന് നേതാക്കൾ പറഞ്ഞു. . ഈ സാമൂഹ്യവിപത്തിനെതിരെ ജനമനഃസാക്ഷി ഉണരണം. നവോഥാനവും വിപ്ലവവും പ്രസംഗിച്ചു നടക്കുന്ന കപടരാഷ്ട്രീയക്കാരുടെ നാട്ടിൽ സാമൂഹ്യ പരിഷ്‌കരണത്തിനുള്ള ആത്മാർത്ഥ ശ്രമങ്ങൾക്ക് ചില തിരിച്ചടികൾ ഉണ്ടാകാം . പക്ഷെ സാമൂഹ്യ വിപത്തുകൾക്കെതിരെ വലിയൊരു ജനകീയ മുന്നേറ്റം ഉണ്ടായേ പറ്റൂവെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. ഗവർണറുടെ ഉപവാസം സാമൂഹ്യ പരിവർത്തനത്തിനു വഴിതെളിക്കട്ടെയെന്നും അവർ കൂട്ടിച്ചേർത്തു.
രാവിലെയോടെയാണ് ആരിഫ് മുഹമ്മദ് ഖാൻ ഉപവാസം ആരംഭിച്ചത്. വൈകീട്ട് ആറ് മണിവരെ ഉപവാസം തുടർന്നു. വൈകീട്ട് സമരവേദിയിൽ എത്തി മാദ്ധ്യമങ്ങളോട് സംസാരിച്ച ശേഷമാണ് അദ്ദേഹം ഉപവാസം അവസാനിപ്പിച്ചത്.