കൊറോണ വ്യാപനം; അടുത്ത രണ്ട് ദിവസങ്ങളിൽ സംസ്ഥാനത്ത് കൂട്ടപരിശോധന; 3.75 ലക്ഷം പേരെ പരിശോധിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ ബാധിതരെ വേഗത്തിൽ കണ്ടെത്തി പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ആരോഗ്യ വകുപ്പ് ഓഗ്മെന്റഡ് ടെസ്റ്റിംഗ് സ്ട്രാറ്റജി പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വ്യാഴം, വെള്ളി (ജൂലൈ 15, 16) ദിവസങ്ങളിലായി 3.75 ലക്ഷം പേരുടെ കൂട്ടപരിശോധന നടത്താനാണ് തീരുമാനം. വ്യാഴാഴ്ച 1.25 ലക്ഷം പേരേയും വെള്ളിയാഴ്ച 2.5 ലക്ഷം പേരേയും പരിശോധിക്കുന്നതാണ്. തുടർച്ചയായി രോഗബാധ നിലനിൽക്കുന്ന പ്രത്യേക സ്ഥലങ്ങളും പ്രത്യേക വിഭാഗങ്ങളും കണ്ടെത്തിയായിരിക്കും പരിശോധന നടത്തുന്നത്. ഇതിലൂടെ ലഭ്യമായ പരിശോധനാ ഫലങ്ങൾ വിശകലനം നടത്തി കൊറോണ പ്രതിരോധം കൂടുതൽ ശക്തിപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
പകര്‍ച്ചപ്പനി ലക്ഷണമുള്ള എല്ലാവരും, ഗുരുതര ശ്വാസകോശ അണുബാധയുള്ളവർ, കൊറോണ രോഗ ലക്ഷണങ്ങളില്ലെങ്കിലും പ്രമേഹം, രക്താതിമർദ്ദം തുടങ്ങിയ ഗുരുതര രോഗങ്ങളുള്ളവർ, ജനക്കൂട്ടവുമായി ഇടപെടൽ നടത്തുന്ന 45 വയസിന് താഴെ പ്രായമുള്ളവർ, വാക്സിനെടുക്കാത്ത 45 വയസിന് മുകളിൽ പ്രായമുള്ളവർ, കൊറോണ ബാധിതരുമായി സമ്പർക്കമുള്ളവർ, ഒപിയിലെ എല്ലാ രോഗികളും, കൊറോണാനന്തര രോഗങ്ങൾക്ക് ചികിത്സ തേടുന്ന രോഗികൾ (ഡോക്ടറുടെ നിർദേശ പ്രകാരം) എന്നിവരെ കൊറോണ പരിശോധനയ്ക്ക് വിധേയമാക്കും. അതേസമയം കൊറോണ മുക്തരായവരെ പരിശോധനയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
നിലവിലെ പരിശോധനാ കേന്ദ്രങ്ങളിലേക്കും മൊബൈൽ ലാബിലേക്കും ഈ സാമ്പിളുകൾ അയയ്ക്കും. ഇതുകൂടാതെ ടെസ്റ്റിംഗ് ക്യാമ്പുകളും സംഘടിപ്പിക്കും. പോസിറ്റീവാകുന്നവരെ നിലവിലുള്ള മാനദണ്ഡമനുസരിച്ച് ഐസൊലേറ്റ് ചെയ്യുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.