തിരുവനന്തപുരം : മദ്യവിൽപ്പന ശാലകളുടെ മുന്നിൽ ആളുകൾ കൂടി നിൽക്കുന്ന ഒഴിവാക്കാൻ പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി ബെവ്‌കോ. കൊറോണ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാനാണ് ജീവനക്കാർക്ക് ബെവ്‌കോ നിർദ്ദേശം നൽകിയിരിക്കുന്നത്. ബിവറേജസിന് മുന്നിൽ ആളുകൾ കൂടി നിൽക്കുന്നതിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബെവ്‌കോ പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കിയത്.
ഔട്ട്‌ലറ്റുകളിൽ കൗണ്ടറുകളുടെ എണ്ണം കൂട്ടണമെന്നാണ് ബെവ്‌കോ നിർദ്ദേശിച്ചത്. അനൗൺസ്‌മെൻറ് നടത്തുകയും ടോക്കൺ സമ്പ്രദായം നടപ്പാക്കുകയും ചെയ്യണം. ആളുകളെ നിയന്ത്രിക്കാൻ പോലീസിൻറെ സഹായം തേടണമെന്നും നിർദ്ദേശത്തിൽ പറയുന്നു. മദ്യം വാങ്ങാനെത്തുന്നവർക്ക് കുടിവെള്ളം അടക്കമുള്ള സൗകര്യം നൽകണം. ആളുകൾ തമ്മിൽ സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പു വരുത്താൻ വട്ടം വരച്ച് അതിനകത്ത് മാത്രമേ ആളുകളെ നിർത്താവൂ എന്നും ബെവ്‌കോ അറിയിച്ചു.
നിലവിലുള്ള രണ്ട് കൗണ്ടറുകളുടെ സ്ഥാനത്ത് ആറ് കൗണ്ടറുകൾ വേണമെന്നാണ് നിർദേശം. അടിസ്ഥാന സൗകര്യം കുറവുള്ള ഷോപ്പുകൾ മാറ്റണം. 30 ലക്ഷത്തിൽ കൂടുതൽ കച്ചവടം നടക്കുന്ന ഔട്ട്‌ലറ്റുകളിലെ ഫോട്ടോയും വീഡിയോയും അയക്കണമെന്നും ബെവ്‌കോ ആവശ്യപ്പെടുന്നു. അതിർത്തികളിലും നഗരത്തിലും വലിയ തിരക്കുണ്ടെന്ന് ബെവ്‌കോ തന്നെ സമ്മതിച്ചു. ഈ സാഹചര്യത്തിലാണ് അടിയന്തര ഇടപെടൽ.
മദ്യക്കടകളിൽ ആളുകൾ കൊറോണ മാനദണ്ഡങ്ങൾ പാലിക്കാതെ ക്യൂ നിൽക്കുന്നതിൽ ഹൈക്കോടതി സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. കല്യാണത്തിന് 20 പേരെ മാത്രം അനുവദിക്കുമ്പോൾ മദ്യവിൽപന ശാലകൾക്ക് മുന്നിൽ അഞ്ഞൂറിലധികം പേർ ക്യൂ നിൽക്കുകയാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. രാജ്യത്തെ കൊറോണ രോഗികളിൽ മൂന്നിലൊന്നും കേരളത്തിലായിട്ടും മദ്യശാലയ്ക്ക് മുന്നിലെ തിരക്ക് നിയന്ത്രിക്കാൻ ഒരു നടപടികളുമുണ്ടാകുന്നില്ലെന്ന് കോടതി കുറ്റപ്പെടുത്തി. തുടർന്ന് തിരക്ക് നിയന്ത്രിക്കാൻ വേണ്ടി ബാറുകളിൽ വിദേശമദ്യ വിൽപ്പന ആരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു