ന്യൂഡൽഹി: രാജ്യത്തിന്റെ പരമാധികാരം ചോദ്യം ചെയ്യുന്നവർക്ക് അതേ നാണയത്തിൽ മറുപടി നൽകുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്. അതിർത്തി സുരക്ഷ എന്നാൽ ദേശീയ സുരക്ഷയാണ്. അതിർത്തിയിൽ ഉയരുന്ന വെല്ലുവിളികൾ മനസിലാക്കിയാണ് സൈന്യം പ്രവർത്തിക്കുന്നത്. ഇന്ത്യൻ സൈന്യത്തിന്റെ ശക്തിയിൽ പൂർണ വിശ്വാസമുണ്ടെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
ബിഎസ്എഫിന്റെ പതിനേഴാമത് നിക്ഷേപ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2014 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിൽ വരുന്നതിന് മുമ്പ് പ്രതിരോധ സേനയ്ക്ക് ആവശ്യമായ പ്രത്യേക നയങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ന് അങ്ങനെയല്ലെന്നും നരേന്ദ്രമോദി പ്രത്യേക പ്രതിരോധ നയം തയ്യാറാക്കിയതിന് ശേഷം ഇന്ത്യയുടെ അതിർത്തികളേയും പരമാധികാരത്തേയും ആർക്കും വെല്ലുവിളിക്കാൻ കഴിയില്ലെന്നും അമിത് ഷാ പറഞ്ഞു.
അടുത്തിടെ ജമ്മു വിമാനതാവളത്തിൽ നടന്ന ഡ്രോൺ ആക്രമണത്തേയും അമിത് ഷാ പരാമർശിച്ചു. ഡ്രോണുകളുടെ സാഹചര്യത്തിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് അതിർത്തികളുടെ സുരക്ഷ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഡ്രോൺ പ്രതിരോധ സംവിധാനങ്ങൾ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഡിആർഡിഒയെന്നും അമിത് ഷാ പറഞ്ഞു.
തദ്ദേശ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ആന്റി ഡ്രോൺ സംവിധാനം ഒരുക്കുന്നതിന് സർക്കാർ വലിയ പരിഗണന നൽകുന്നുണ്ട്. സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ പരിഹാരങ്ങളാണ് ഇന്ത്യയുടെ സുരക്ഷാ നയതന്ത്രത്തിന്റെ ഭാവി. ഡ്രോൺ വേധ സംവിധാങ്ങൾ ഒരുക്കാനുള്ള ശ്രമത്തിലാണ് ഡിആർഡിഒ എന്നും ഇതുമായി ബന്ധപ്പെട്ട എല്ലാ പദ്ധതിയ്ക്കും അനുമതി നൽകിയതായും അമിത് ഷാ കൂട്ടിച്ചേർത്തു.