ഹോട്ടലുകള്‍ രാത്രി 9.30 വരെ; ഇന്‍ഡോര്‍ ഗെയ്മുകള്‍ക്ക് അനുമതി; ജിമ്മുകള്‍ തുറക്കാം; വാക്സിന്‍ എടുത്തവര്‍ക്കും പരിഗണന; ഇനിയുള്ള ഇളവുകള്‍ ഇങ്ങനെ kerala

തിരുവനന്തപുരം: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ച് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പുനഃക്രമീകരിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു.

ടി പി ആര്‍ അഞ്ചില്‍ താഴെയുള്ള പ്രദേശങ്ങള്‍ എ വിഭാഗത്തിലും അഞ്ചു മുതല്‍ 10 വരെയുള്ള പ്രദേശങ്ങള്‍ ബിയിലും 10 മുതല്‍ 15 വരെയുള്ളവ സി വിഭാഗത്തിലും ഉള്‍പ്പെടുത്തി. 15 ന് മുകളില്‍ ടി പി ആര്‍ ഉള്ള പ്രദേശങ്ങള്‍ കാറ്റഗറി ഡിയില്‍ ആയിരിക്കും. ജൂലൈ എഴ് ബുധനാഴ്ച മുതല്‍ ഇതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും നിയന്ത്രണം.

എ, ബി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ മുഴുവന്‍ ജീവനക്കാരെയും സിയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ 50 ശതമാനം ജീവനക്കാരെയും ഉള്‍ക്കൊള്ളിച്ച് പ്രവര്‍ത്തിക്കും. എ വിഭാഗത്തില്‍ 82, ബിയില്‍ 415, സിയില്‍ 362, ഡി യില്‍ 175 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളാണ് ഒടുവില്‍ കണക്കാക്കിയ ടി പി ആര്‍ പ്രകാരം ഉള്‍പ്പെടുക.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമവും ടൂറിസം മന്ത്രാലത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളും അനുസരിച്ച് വിനോദ സഞ്ചാര മേഖലകളിലെ താമസ സൗകര്യങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാം.

വാക്സിന്‍ എടുത്തവര്‍ക്കും ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ക്കുമായിരിക്കും പ്രവേശനം. കോവിഡ് വ്യാപനത്തിന്റെ തോത് കുറഞ്ഞാല്‍ മാത്രമെ മറ്റ് ഇളവുകളെ കുറിച്ച് ആലോചിക്കു. ആള്‍ക്കൂട്ടം ഒരു കാരണവശാലും അനുവദിക്കില്ല.

എല്ലാവിഭാഗം പ്രദേശങ്ങളിലും ടെസ്റ്റിന്റെ എണ്ണം വര്‍ധിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി. കാസര്‍കോട്ടേ ആദിവാസി മേഖലയിലെ രോഗവ്യാപനം നിയന്ത്രിക്കാന്‍ പ്രത്യേക ഇടപെടലിന് നിര്‍ദ്ദേശിച്ചു.

താല്‍ക്കാലിക ജീവനക്കാരെ ഈ ഘട്ടത്തില്‍ പിരിച്ചു വിടാന്‍ പാടില്ല എന്ന നിര്‍ദ്ദേശം എല്ലാവരും കര്‍ശനമായി പാലിക്കണം. പ്രവാസികള്‍ക്കുള്ള വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ കേന്ദ്രസര്‍ക്കാരിന്റെ മുദ്രയും ബാച്ച് നമ്പറും പതിപ്പിക്കുന്നത് ഉറപ്പാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തും.  മെഡിക്കല്‍ കോളേജുകള്‍ തുറന്നിട്ടുണ്ട് അവിടങ്ങളിലെ ഭക്ഷണ ശാലകളടക്കം കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നത് ഉറപ്പു വരുത്താന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഇടപ്പെട്ട് പരിശോധന സംവിധാനം ഉറപ്പാക്കാനും യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.
Tags