ചേർത്തലയിൽ യുവതി മരിച്ച സംഭവം, കൊലപാതകമെന്ന് കണ്ടെത്തൽ ; കുറ്റസമ്മതം നടത്തി സഹോദരീ ഭർത്താവ്

ആലപ്പുഴ : ചേർത്തലയിൽ യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. കടക്കരപ്പള്ളി സ്വദേശിനിയായ ഹരികൃഷ്ണയാണ് മരിച്ചത്. സംഭവത്തിൽ സഹോദരീ ഭർത്താവ് രതീഷ് കുറ്റസമ്മതം നടത്തിയതായി പോലീസ് അറിയിച്ചു. ഇരുവരും തമ്മിലുണ്ടായ തർക്കത്തിനിടെ യുവതി ബോധരഹിതയായി വീണു. തുടർന്ന് ഇയാൾ ഹരികൃഷ്ണയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ശനിയാഴ്ച രാവിലെയാണ് ഹരികൃഷ്ണയെ സഹോദരീ ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സഹോദരിയുടെ കുട്ടികളെ നോക്കാൻ വീട്ടിൽ പോയതായിരുന്നു ഹരികൃഷ്ണ. സംഭവം കൊലപാതകമാണെന്ന് പോലീസ് നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു. കൊലപാതകത്തിന് ശേഷം സഹോദരീഭർത്താവ് രതീഷ് ഒളിവിൽ പോയതോടെ അത് ബലപ്പെട്ടു. തുടർന്ന് ഇന്നലെ വൈകീട്ടോടെ ചെങ്ങണ്ടയിലെ ബന്ധുവീട്ടിൽ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. എന്നാൽ കൊലപാതകം നടത്താനുണ്ടായ കാരണം വ്യക്തമല്ല.
Tags