രാമായണ മാസാചരണം നാളെ തുടങ്ങുമ്പോൾ രണ്ടാം വര്‍ഷവും കരിനിഴലായി നില്‍ക്കുകയാണ് കൊവിഡ്. ക്ഷേത്രങ്ങളില്‍ രാമായണ മാസാചരണ ഭാഗമായി ചടങ്ങുകള്‍ മാത്രമായിരിക്കും നടക്കുക. ട്രിപ്പിള്‍ ലോക്ക് ഡൗണുള്ള സ്ഥലങ്ങളില്‍ ക്ഷേത്ര ദര്‍ശനത്തിന് കര്‍ശന നിയന്ത്രണമാണുള്ളത്.
ഗുരുവായൂരില്‍ ഭക്തര്‍ക്ക് നിലവില്‍ പ്രവേശനം അനുവദിക്കുന്നില്ല. കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇതുവരെയും കാര്യമായ കുറവുണ്ടായിട്ടില്ല. അതുകൊണ്ട് ക്ഷേത്രങ്ങളില്‍ കര്‍ക്കടക മാസാചരണം ഗണപതി ഹോമം, ഭഗവതി സേവ എന്നിവയില്‍ ഒതുങ്ങും.
നാലമ്പല തീര്‍ത്ഥാടനം ഇത്തവണയുമുണ്ടാകില്ല. ഒരു മാസക്കാലം നാലമ്പല ദര്‍ശനത്തിന് ലക്ഷക്കണക്കിന് പേരാണെത്താറുള്ളത്.അതേസമയം നാളെ വടക്കുന്നാഥന്‍ ക്ഷേത്രത്തില്‍ നടക്കുന്ന ആനയൂട്ടില്‍ അൻപത് പേര്‍ക്ക് പ്രവേശനം അനുവദിച്ച് കളക്ടര്‍ ഉത്തരവിറക്കി. ആദ്യം ഇറക്കിയ ഉത്തരവില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നു.
എന്നാല്‍ പുതുക്കിയ ഉത്തരവ് പ്രകാരം മാധ്യമങ്ങള്‍ക്ക് വിലക്കില്ല. 15 ആനകളോടെ ഗജപൂജയും ആനയൂട്ടും നടത്താനാണ് ക്ഷേത്ര ക്ഷേമ സമിതിയുടെ തീരുമാനം. പുലര്‍ച്ചെ അഞ്ചിന് ക്ഷേത്രത്തിനകത്ത് ഗണപതി പ്രതിഷ്ഠയ്ക്ക് മുന്നിലാണ് ഇത്തവണ ഗണപതി ഹോമം നടക്കുക.