ചൈനയിൽ എച്ച് 5 എൻ 6 വകഭേദത്തിലുള്ള പക്ഷിപ്പനി സ്ഥിരീകരിച്ചു

ബെയ്​ജിങ്ങ് ​: തെക്കുപടിഞ്ഞാറൻ ചൈനയിൽ മധ്യവയസ്​കന്​ എച്ച് 5 എൻ 6 വകഭേദത്തിലുള്ള പക്ഷിപ്പനി സ്ഥിരീകരിച്ചതായി റിപ്പോർട്ട്​. തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ സിചുവാനിലെ ബസോങിൽ നിന്നുള്ള 55 കാരനായ ഇയാളെ ജൂലൈ 6 നാണ് പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ചൈന ഗ്ലോബൽ ടെലിവിഷൻ നെറ്റ്‌വർക്ക് റിപ്പോർട്ട് ചെയ്തു.

രോഗി താമസിക്കുന്ന ഭാഗത്തെ സമീപ പ്രദേശങ്ങളിൽ കോഴി ഫാമുകളുണ്ടായിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. പ്രാദേശിക ഉദ്യോഗസ്ഥർ പ്രദേശം അണുവിമുക്തമാക്കിയിട്ടുണ്ട് . മനുഷ്യർക്കിടയിൽ ഈ രോഗം വലിയ തോതിൽ പകരാനുള്ള സാധ്യത കുറവാണെന്ന് റിപ്പോർട്ടിൽ പറയുന്നു .

കോഴി , മറ്റ് പക്ഷി വർഗ്ഗങ്ങൾ എന്നിവയ്ക്കിടയിൽ ശാസ്ത്രജ്ഞർ കണ്ടെത്തിയ അപകടകരമായ ഫ്ലൂ പതിപ്പുകളിൽ ഒന്നാണ് എച്ച് 5 എൻ 6 വൈറസ്. എട്ട് വർഷം മുമ്പ് ലാവോസിലാണ് ഇത് ആദ്യമായി കണ്ടെത്തിയത് പിന്നീട് ചൈനയിലേക്കും മറ്റ് രാജ്യങ്ങളിലേക്കും വ്യാപിച്ചു. പക്ഷിപ്പനിയുടെ പല വകഭേദങ്ങളാണ്​ ചൈനയിലുള്ളത്​. അവയിൽ ചിലത്​ മനുഷ്യരിലേക്ക്​ പടരുന്നുണ്ട്​.

കൊറോണ വൈറസിനു പിന്നിൽ ചൈനയാണെന്ന അഭ്യൂഹം ലോകത്ത് നിലനിൽക്കുമ്പോഴാണ് പക്ഷിപ്പനിയും റിപ്പോർട്ട് ചെയ്യുന്നത് .
Tags