എഐസിസിക്ക് 4 വര്‍ക്കിങ് പ്രസിഡന്റുമാര്‍: ചെന്നിത്തലയും സച്ചിന്‍ പൈലറ്റും പരിഗണനയില്‍

ന്യൂഡല്‍ഹി: സോണിയ ഗാന്ധിയുടെ അനാരോഗ്യത്തെ തുടര്‍ന്ന് പാര്‍ട്ടി അധ്യക്ഷയെ സഹായിക്കാന്‍ നാല് വര്‍ക്കിങ് പ്രസിഡന്റുമാരെ നിയമിക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്. അനാരോഗ്യമുള്ളതിനാല്‍ പാര്‍ട്ടിയുടെ ദൈന്യം ദിനകാര്യങ്ങളില്‍ സോണിയാ ഗാന്ധി നേരിട്ട് ഇടപെടുന്നില്ല. അടിയന്തര യോഗങ്ങളില്‍ മാത്രമാണ് സോണിയ ഇപ്പോള്‍ പങ്കെടുക്കാറുള്ളത്. ഈ സാഹചര്യത്തിലാണ് നാല് വര്‍ക്കിങ് പ്രസിഡന്റുമാരെ നിയമിക്കാന്‍ ആലോചന നടക്കുന്നത്. സച്ചിന്‍ പൈലറ്റ്, രമേശ് ചെന്നിത്തല, ഗുലാം നബി ആസാദ് എന്നിവരുടെ പേരുകളാണ് പരിഗണനയിലുളളത്.

അഹമ്മദ് പട്ടേല്‍ മുമ്പ് വഹിച്ച സ്ഥാനത്തേക്ക്് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് എത്തിയേക്കുമെന്നും സൂചനയുണ്ട്. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വി.ഡി സതീശന്‍ വന്നതോടെ ചെന്നിത്തലയ്ക്ക് ദേശീയതലത്തില്‍ പദവി നല്‍കിയേക്കുമെന്ന സൂചനകളുണ്ടായിരുന്നു.

ദളിത് പ്രാതിനിധ്യമായി മുകുള്‍ വാസ്നിക്, ഷെല്‍ജ എന്നിവരില്‍ ഒരാള്‍ വന്നേക്കും. ഇതില്‍ മുകുള്‍ വാസ്നിക് ഗാന്ധി കുടുംബവുമായി ഏറെ അടുപ്പമുള്ള നേതാവാണ്. വനിതാ പ്രാതിനിധ്യം കൂടി കണക്കിലെടുക്കുമ്പോള്‍ ഷെല്‍ജയ്ക്ക് സാധ്യത കൂടുതലാണ്. പാര്‍ട്ടിയെ കൂടുതല്‍ കരുത്തോടെ മുന്നോട്ട് കൊണ്ടുപോകാന്‍ കൂടുതല്‍ വര്‍ക്കിങ്ങ് പ്രസിഡന്റുമാര്‍ വേണമെന്ന നിലപാടാണ് ഹൈക്കമാന്റിന്.

അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങിവരാന്‍ തയ്യാറല്ലെന്ന നിലപാടിലാണ് രാഹുല്‍ഗാന്ധി്. അതിനാല്‍ കോണ്‍ഗ്രസ് അധ്യക്ഷയായി സോണിയാ ഗാന്ധി തുടര്‍ന്നേക്കും. എഐസിസി നേതൃതലത്തില്‍ വന്‍ അഴിച്ചുപണിക്കാണ് ഹൈക്കമാന്റ് ഒരുങ്ങുന്നത്.
Tags