പരിചയപ്പെട്ടത് ഇൻസ്റ്റഗ്രാം വഴി; പ്രണയം പിന്നീട് പകയായി; ഡെന്റൽ വിദ്യാർത്ഥിനിയുടെ കൊലപാതകത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

കൊച്ചി : ഡെന്റൽ വിദ്യാർത്ഥിനിയെ വെടിവെച്ച് കൊന്ന സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. വിശദമായ അന്വേഷണത്തിനായി പോലീസ് ബാലിസ്റ്റിക് സംഘത്തിന്റെ സഹായം തേടി. റൂറൽ എസ്പി കെ കാർത്തിക് ആണ് ഇക്കാര്യം അറിയിച്ചത്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. വിദ്യാർത്ഥിനിയെ കൊലപ്പെടുത്താൻ ഉപയോഗിച്ച തോക്കും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇത് വിശദമായ പരിശോധനയ്‌ക്ക് വിധേയമാക്കും. നാടൻ തോക്ക് ഉപയോഗിച്ചാണ് വിദ്യാർത്ഥിനിയെ ആക്രമിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ഉച്ചയ്‌ക്കാണ് ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജ് വിദ്യാർത്ഥിനിയായ മാനസയെ സുഹൃത്തായ രാഖിൽ വെടിവെച്ച് കൊന്നത്. വ്യക്തിവൈരാഗ്യമാണ് സംഭവത്തിന് പിന്നിൽ. കണ്ണൂർ സ്വദേശികളായ ഇരുവരും ഇൻസ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെട്ടത്. തുടർന്ന് ഇരുവരും പ്രണയത്തിലാകുകയായിരുന്നു. ഇതിനിടെ ഇരുവരും തമ്മിലുള്ള ബന്ധം വഷളായി. ഇവിടെ നിന്നാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. നിരവധി തവണ രാഖിൽ മാനസയെ ശല്യം ചെയ്യുകയും, ഇതേ തുടർന്ന് പെൺകുട്ടിയുടെ പിതാവ് പോലീസിൽ പരാതിപ്പെടുകയും ചെയ്തിരുന്നു. കോതമംഗലത്തുള്ള താമസ സ്ഥലത്ത് എത്തിയാണ് രാഖിൽ മാനസയ്‌ക്ക് നേരെ വെടിയുതിർത്തത്. ഏതാനും ദിവസങ്ങൾക്ക് മുൻപുതന്നെ രാഖിൽ പ്രദേശത്ത് താമസം ആരംഭിച്ചിരുന്നുവെന്നാണ് വിവരം. ഇത് കൊല ആസൂത്രിതമാണെന്ന സൂചന നൽകുന്നു. ഉച്ചയോടെ മാനസയുടെ മുറിയിൽ എത്തിയ രാഖിൽ പിടിച്ചുവലിച്ച് മറ്റൊരു മുറിയിൽ കൊണ്ടു പോയ ശേഷം നിറയൊഴിക്കുകയായിരുന്നു. രണ്ട് വെടിയുണ്ടകളാണ് മാനസയുടെ ശരീരത്തിൽ ഏറ്റത്. തലയിലും വയറിലുമാണ് ഇത്. തലയിലേറ്റ വെടിയുണ്ട തലയോട്ടി തകർത്ത് പുറത്തുവന്നിട്ടുണ്ട്. കൃത്യത്തിന് ശേഷം തലയിൽ വെടി വെച്ച് രാഖിലും ജീവനൊടുക്കുകയായിരുന്നു.
Tags