പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് ; ആറ് വർഷം കൊണ്ട് ലഭിച്ചത് 31 കോടിയുടെ വരുമാനം

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻകി ബാത്തിലൂടെ 31 കോടി രൂപയുടെ വരുമാനം ലഭിച്ചതായി കേന്ദ്രസർക്കാർ. രാജ്യസഭയിൽ എഴുതി നൽകിയ മറുപടിയിൽ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് താക്കൂറാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2014 ൽ പരിപാടി ആരംഭിച്ചപ്പോൾ മുതൽ ലഭിച്ച വരുമാനത്തിന്റെ കണക്കാണ് ഇത്.

മൻ കി ബാത്തിന്റെ നിർമ്മാണത്തിനായി സർക്കാരിന് പണം ചിലവാക്കേണ്ടിവരുന്നില്ല. ഓൾ ഇന്ത്യ റേഡിയോ, ദൂരദർശൻ എന്നിവയുടെ പ്രാദേശിക ചാനലുകൾ വഴിയാണ് പരിപാടികൾ ജനങ്ങളിലേക്ക് എത്തിക്കുന്നത്. 78 എപ്പിസോഡുകൾ ഇതുവരെ സംപ്രേക്ഷണം ചെയ്തു. സമൂഹമാദ്ധ്യമങ്ങളിലൂടെയും പരിപാടി സംപ്രേക്ഷണം ചെയ്യുന്നുണ്ട്. തത്സമയ സംപ്രേക്ഷണത്തിന് ശേഷം പരിപാടി വിവിധ ഭാഷകളിൽ തർജ്ജമ ചെയ്തും ആളുകളിലേക്ക് എത്തിക്കുന്നുണ്ടെന്നും അനുരാഗ് താക്കൂർ വ്യക്തമാക്കി.

എഐആർ നെറ്റ്‌വർക്ക് വഴി 23 ഭാഷകളിലും, 29 മൊഴികളിലും സംപ്രേക്ഷണം ചെയ്യുന്നുണ്ട്. ദൂരദർശൻ ചാനലുകൾ വഴി ഹിന്ദി, മലയാളം തുടങ്ങിയ ഭാഷകളിലും സംപ്രേഷണം ചെയ്യുന്നുണ്ട്. 91 സ്വകാര്യ ചാനൽ നെറ്റ്‌വർക്കുകൾ, കേബിൾ, ഡിടിഎച്ച് എന്നിവ വഴിയും സംപ്രേക്ഷണം ചെയ്യുന്നുണ്ട്. ഇതിലൂടെയെല്ലാം മികച്ച വരുമാനമാണ് ലഭിക്കുന്നത്.

മൻ കി ബാത്തിന്റെ തുടക്കത്തിൽ ആറ് കോടി ജനങ്ങളാണ് പരിപാടി കണ്ടുകൊണ്ടിരുന്നത്. എന്നാൽ 2018-2020 കാലഘട്ടത്തിൽ ഇത് 14.35 കോടിയായി ഉയർന്നു. 2020-21 സാമ്പത്തിക വർഷം വരെ 30,80,91,225 രൂപയാണ്  ലഭിച്ചതെന്നും അദ്ദേഹം അറിയിച്ചു.
Tags