സ്പുട്നിക് വാക്സിൻ നിർമ്മാണം കേരളത്തിൽ? മുഖ്യമന്ത്രിയുടെ പ്രതികരണം

തിരുവനന്തപുരം: സ്പുട്നിക് വാക്സിന്‍ നിര്‍മ്മിക്കാനുള്ള കേന്ദ്രത്തിനായി കേരളം കൂടിയാലോചനകള്‍ നടത്തുന്നു എന്ന വാര്‍ത്തകളോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് വാര്‍ത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി സ്പുട്നിക് വാക്സീന്‍ നിര്‍മ്മാണ കേന്ദ്ര കേരളത്തില്‍ വരാനുള്ള നടപടികള്‍ സംബന്ധിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കിയത്.

സ്പുട്നിക് വാക്സീൻ ഉൽപ്പാദനവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ ആലോചിച്ചിരുന്നു. ഇന്നത്തെ അവസ്ഥയില്‍ സംസ്ഥാനത്ത് അത്തരം കേന്ദ്രങ്ങൾ ഉണ്ടാകുന്നത് നല്ലതാണ്. പ്രാഥമികമായ ചില ആലോചനകൾ നടന്നിട്ടുണ്ട്. അത്തരം സംരംഭം ഇവിടെ ആരംഭിക്കാനുള്ള നടപടികളിലേക്ക് നീങ്ങും. ഇതില്‍ കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് വ്യക്തമാക്കുന്നതാണ്, മുഖ്യമന്ത്രി പറഞ്ഞു.


കേരളത്തില്‍ നിര്‍മ്മാണം ചര്‍ച്ച സജീവം

 കേരളത്തിൽ സ്പുട്നിക് വാക്സീൻ നിർമാണത്തിന് കളമൊരുങ്ങുന്നു.ഇതുമായി ബന്ധപ്പെട്ട് റഷ്യൻ അധികൃതർ കേരള സർക്കാരുമായി ആദ്യ ഘട്ട ചർച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്. വാക്സീൻ നിർമാണം ഇവിടെ തുടങ്ങാനായാൽ കേരളത്തിലെ കൊവിഡ് പ്രതിരോധത്തിന് അതൊരു മുതൽക്കൂട്ടാകുമെന്നുറപ്പ്.

റഷ്യൻ നിർമിത സ്പുട്നിക് വാക്സീൻ നിർമാണത്തിന് കേരളത്തിൽ സ്ഥലവും സൗകര്യവും സംസ്ഥാന സർക്കാർ ലഭ്യമാക്കണമെന്നതാണ് പ്രധാന ആവശ്യം. ഇതുമായി ബന്ധപ്പെട്ട് റഷ്യൻ അധികൃതർ വ്യവസായ വകുപ്പുമായി ചർച്ച നടത്തിയിട്ടുണ്ട്.

സ്ഥലം നൽകാൻ കേരളം സജ്ജമാണ്. തോന്നയ്ക്കലിലെ ലൈഫ് സയൻസ് പാർക്കിൽ വാക്സീൻ നിർമാണ യൂണിറ്റിനായി പ്രത്യേകമായി സ്ഥലം അനുവദിക്കാനാകും. മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി നൽകും. വാക്സീൻ നിർമാണത്തിനുള്ള വിദഗ്ധരെ അടക്കം ആദ്യഘട്ടത്തിൽ റഷ്യ തന്നെ നൽകും. വാക്സീൻ നിർമാണ പ്ലാന്റ് സ്ഥാപിക്കാനായാൽ അത് വലിയ നേട്ടമാകുമെന്നാണ് വിദഗ്ധരുടേയും നിലപാട്. വ്യവസായ മന്ത്രി പി രാജീവുമായിട്ടായിരുന്നു റഷ്യൻ അധികൃതരുടെ പ്രാഥമികതല ചർച്ച. ശേഷം വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി തുടർ പ്രവർത്തനങ്ങൾക്കായി വ്യവസായ വികസന കോർപറേഷൻ എം ഡി രാജമാണിക്യത്തെ ചുമതലപ്പെടുത്തി. എത്ര സ്ഥലം നൽകാനാകും എത്രത്തോളം മാനവ വിഭവശേഷി നൽകാനും തുടങ്ങിയ വിവരങ്ങൾ ലഭ്യമാക്കിയുള്ള റിപ്പോർട്ട് വ്യവസായ വികസന കോർപറേഷൻ ഉടൻ ലഭ്യമാക്കണമെന്നാണ് സർക്കാർ നിർദേശം. പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിർദേശ പ്രകാരം വ്യവസായ വികസന കോർപറേഷൻ വിശദമായപ്ലാൻ റിപ്പോർട്ട് ഉടൻ സമർപ്പിക്കും.
Tags