ചോദ്യം ചെയ്യലിന് ഹാജരായില്ല, പിന്നാലെ മരണം; റമീസിന്റെ മരണത്തിൽ ദുരൂഹത?

കൊച്ചി• അർജുൻ ആയങ്കിയുടെ സുഹൃത്തും സഹായിയുമായ റമീസിന്റെ വാഹനാപകടത്തിൽ ദുരൂഹത സംശയിച്ചു കസ്റ്റംസ്. ഇയാളോട് ഇന്നലെ ഹാജരാകാൻ ആവശ്യപ്പെട്ട് അന്വേഷണ സംഘം നോട്ടിസ് നൽകിയിരുന്നെങ്കിലും ഹാജരായിരുന്നില്ല. നേരത്തേ കണ്ണൂരിലെ അർജുന്റെ വീട്ടിൽ കസ്റ്റംസ് പരിശോധന നടത്തിയ കൂട്ടത്തിൽ റമീസിന്റെ വീട്ടിലും പരിശോധന നടത്തിയിരുന്നു. ഇവിടെനിന്നു നിർണായകമായ ചില രേഖകൾ കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിന്റെ എല്ലാം അടിസ്ഥാനത്തിലാണ് ഇയാളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. കരിപ്പൂരിൽ സ്വർണം തട്ടിയെടുക്കാൻ അർജുൻ ആയങ്കി എത്തിയപ്പോൾ റമീസും കൂടെയുണ്ടായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അതുകൊണ്ടു തന്നെ നിർണായക വിവരങ്ങളാണ് റെമീസിൽനിന്ന് അന്വേഷണ സംഘത്തിനു ലഭിക്കാനുണ്ടായിരുന്നത്. ഇന്നു പുലർച്ചെ രാത്രി റമീസ് സഞ്ചരിച്ച ബൈക്ക് അഴീക്കോട് കപ്പക്കടവിൽ വച്ച് കാറിൽ ഇടിച്ചുണ്ടായ അപകടത്തിലാണ് മരണം. ഇതു സംബന്ധിച്ച് പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. പൊലീസ് അന്വേഷണം ഉൾപ്പെടെയുള്ള കാര്യങ്ങൾ കസ്റ്റംസ് നിരീക്ഷിക്കുന്നുണ്ട്.
Tags