കൊവിഡ് സാഹചര്യത്തിൽ തമിഴ്നാട്ടില്‍ ലോക്ഡൗണ്‍ ജൂലൈ 19 വരെ നീട്ടി. Tamilnadu Lockdown

ചെന്നൈ: കൊവിഡ് സാഹചര്യത്തിൽ തമിഴ്നാട്ടില്‍ ലോക്ഡൗണ്‍ ജൂലൈ 19 വരെ നീട്ടി. കോവിഡ് കേസുകള്‍ കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ ചില ഇളവുകള്‍ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. കടകള്‍ അടക്കുന്നതിനുള്ള സമയം ഒരു മണിക്കൂര്‍ നീട്ടിനല്‍കിയിട്ടുണ്ട്. ഇനിമുതല്‍ രാത്രി 9 മണിക്ക് കടകള്‍ അടച്ചാല്‍ മതി.

റെസ്റ്ററന്‍റുകള്‍, ചായക്കടകള്‍, ബേക്കറികള്‍, തട്ടുകടകള്‍ എന്നിവക്ക് 9 മണിവരെ പ്രവര്‍ത്തിക്കാം. 50 ശതമാനം ഉപഭോക്താക്കള്‍ മാത്രമേ കടകളിലുണ്ടാകാവൂ. സാമൂഹ്യ അകലം പാലിക്കുകയും കോവിഡ് പ്രോട്ടക്കോള്‍ പാലിക്കുകയും വേണം. എ.സി ഷോപ്പുകള്‍ ജനാലകളും വാതിലുകളും തുറന്നിട്ടു വേണം പ്രവര്‍ത്തിക്കാന്‍. വിവാഹങ്ങളില്‍ 50 പേര്‍ക്കും സംസ്ക്കാര ചടങ്ങുകളില്‍ 20 പേര്‍ക്കും പങ്കെടുക്കാം. സ്കൂളുകളും കോളജുകളും ബാറുകളും തിയറ്ററുകളും സ്വിമ്മിങ് പൂളുകളും അടഞ്ഞുകിടക്കും. രാഷ്ട്രീയ- സാംസ്ക്കാരിക പൊതുപരിപാടികള്‍ക്കും അനുമതിയില്ല.

അന്തര്‍-സംസ്ഥാന ബസുകള്‍ ആരംഭിക്കാന്‍ തീരുമാനമില്ലെങ്കിലും അയല്‍ സംസ്ഥാനമായ പുതുച്ചേരിയിലേക്ക് ബസ് സര്‍വീസുകള്‍ നടത്തുന്നുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ പരീക്ഷകള്‍ നടത്താം.

രാജ്യത്ത് കൂടുതല്‍ കോവിഡ് കേസുകൾ റിപ്പോര്‍ട്ട ചെയ്യുന്ന സംസ്ഥാനങ്ങളില്‍ നാലാം സ്ഥാനത്താണ് തമിഴ്നാട്. വെള്ളിയാഴ്ച 3,309 കേസുകളാണ് പുതുതായി സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
Tags