കാർഗിൽ വിജയ് ദിവസ്: ധീരജവാൻമാർക്കുമുൻപിൽ ശിരസ്സുനമിക്കുവെന്ന് പ്രധാനമന്ത്രി, യുദ്ധചരിത്രത്തിലെ സമാനതകളില്ലാത്ത പോരാട്ടമാണെന്ന് അമിത്ഷാ

ന്യൂഡൽഹി: കാർഗിൽ വിജയ് ദിവസിൽ സൈനികരുടെ വീരബലിദാനത്തെ അനുസ്മരിച്ച് പ്രധാനമന്ത്രി. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും ആഭ്യന്തര മന്ത്രി അമിത് ഷായും സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ചു. കാർഗിൽ വിജയത്തിനായി പോരാടിയ ഓരോ സൈനികൻറെയും ധീരകഥകൾ ഭാരതത്തിന് എന്നും പ്രചോദനമാണെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. ധീരബലിദാനികളായ സൈനികരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും മുന്നിൽ നമസ്ക്കരിക്കുന്നുവെന്നായിരുന്നു ആഭ്യന്തര മന്ത്രിയുടെ വാക്കുകൾ. കാർഗിൽ വിജയ് ദിവസിന്റെ 22-ാം വാർഷിക ദിനത്തിൽ മൂന്ന് സൈനിക മേധാവിമാർക്കൊപ്പമാണ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് യുദ്ധസ്മാരകത്തിൽ ആദരാജ്ഞലി അർപ്പിച്ചത്. കാർഗിലിലെ ധീരസൈനികരുടെ പോരാട്ടം ഇന്ത്യൻ യുദ്ധചരിത്രത്തിലെ സമാനതകളില്ലാത്ത പോരാട്ടമാണെന്ന് സൈനിക മേധാവിമാരും അനുസ്മരിച്ചു. ഏറ്റവും ശക്തമായ പ്രത്യാക്രമണമായിരുന്നു കാർഗിലിൽ സൈനികരുടേത് . കാർഗിലിലെ അതിദുർഘടങ്ങളായ പർവ്വതനിരകളെ താണ്ടി നടത്തിയ പോരാട്ടം രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തി. രാജ്യത്തിന്റെ അഖണ്ഡത കാത്തുസംരക്ഷിക്കാനായി സൈനികർ നടത്തിയ ജീവത്യാഗത്തിന് മുന്നിൽ രാജ്യമൊട്ടാകെ ശിരസ്സുനമിക്കുകയാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു.
Tags