ന്യൂഡൽഹി: പ്ലസ് വൺ പരീക്ഷാ നടത്തിപ്പിൽ കേരളത്തിനേയും ആന്ധ്രാപ്രദേശിനേയും വിമർശിച്ച് സുപ്രീം കോടതി. പരീക്ഷ നടത്തി കുട്ടികളുടെ ആരോഗ്യം അപകടത്തിലാക്കരുതെന്ന് കോടതി വിമർശിച്ചു. കൃത്യമായ വിവരങ്ങൾ നൽകിയില്ലെങ്കിൽ പരീക്ഷ നടത്താൻ അനുവദിക്കില്ല. പരീക്ഷ നടത്താൻ വാശിപിടിക്കുന്നത് എന്തിനാണെന്ന് ചോദിച്ച കോടതി മൂന്നാം തരംഗ സാദ്ധ്യത തള്ളിക്കളയാനാകില്ലെന്നും ചൂണ്ടിക്കാട്ടി.
പരിക്ഷ നടത്തിയ ശേഷമുള്ള പ്രത്യാഘാതം വലുതാണ്. ഓരോ മരണത്തിനും ഒരു കോടി രൂപ വീതം നഷ്ടപരിഹാരം ഈടാക്കുമെന്ന് ആന്ധ്രാപ്രദേശ് സർക്കാരിനോട് കോടതി പറഞ്ഞു. പരീക്ഷ നടത്താൻ അനുവദിക്കണമെന്ന് കാണിച്ച് കേരളം നൽകിയ സത്യവാങ്മൂലം അഗീകരിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വിദ്യാർത്ഥികളെ പ്രതിസന്ധിയിലാക്കാനാകില്ലെന്നും സെപ്തംബറിൽ പരീക്ഷ നടത്തുന്നതിനോട് യോജിക്കുന്നില്ലെന്നുമാണ് കോടതി അറിയിച്ചത്..
വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കേരളം പരീക്ഷ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. സെപ്റ്റംബർ ആറ് മുതൽ 16 വരെ പ്ലസ് വൺ പരീക്ഷ നടത്താനാണ് സംസ്ഥാന സർക്കാർ തീരുമാനം. കൊറോണയുടെ പശ്ചാത്തലത്തിൽ പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം വിദ്യാർത്ഥികളും രക്ഷിതാക്കളുമാണ് സുപ്രീം കോടതിയെ സമീപിച്ചത്. പരീക്ഷ നടത്തുന്ന കേരളത്തിന്റെ തീരുമാനത്തിൽ ആശങ്കയറിച്ച കോടതി വിദ്യാർത്ഥികളോട് ഹൈക്കോടതിയിൽ ഇതുസംബന്ധിച്ച് റിട്ട് ഹർജി നൽകാനും ആവശ്യപ്പെട്ടു.