ബംഗളൂരു : സുഹൃത്ത് മയക്കുമരുന്ന് കുത്തിവെച്ചതിന് പിന്നാലെ പതിനേഴുകാരന്റെ കൈ മുറിച്ചു മാറ്റി. കൈയ്യിൽ വിഷാംശം കണ്ടെത്തിയതോടെയാണ് കൈ മുറിച്ചുമാറ്റണമെന്ന് ഡോക്ടർമാർ പറഞ്ഞത്. ബംഗളൂരുവിലെ ചാമരാജ്പേട്ടിലാണ് സംഭവം.
പിറന്നാൾ ആഘോഷത്തിനിടെയാണ് പതിനേഴുകാരന്റെ കയ്യിൽ സുഹൃത്ത് മയക്കുമരുന്ന് കുത്തിവെച്ചത്. വോളിബോൾ കോച്ച് കൂടിയായ സുഹൃത്ത് വെള്ളത്തിൽ ഗുളിക കലക്കി കയ്യിൽ കുത്തിവെയ്ക്കുകയായിരുന്നു. എന്നാൽ നാല് ദിവസത്തിനകം കൈ വീർക്കുകയും നീര് വരികയും ചെയ്തു. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് കയ്യിൽ വിഷാംശം ഉളളതായി കണ്ടെത്തിയത്. ശരീരത്തിൽ നിന്നും വിഷാംശം നീക്കം ചെയ്യാൻ കൈ മുറിച്ചുമാറ്റണമെന്ന് ഡോക്ടർമാർ പറഞ്ഞു. തുടർന്നാണ് ശസ്ത്രക്രിയയിലൂടെ കൈ നീക്കം ചെയ്തത്.
കുട്ടിയെ കൊലപ്പെടുത്താൻ വേണ്ടിയാണോ സുഹൃത്ത് വിഷം കുത്തിവെച്ചത് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. സംഭവത്തിൽ കുട്ടിയുടെ വീട്ടുകാർ വോളിബോൾ കോച്ചിനെതിരെ പരാതി നൽകി. എന്നാൽ പോലീസ് ഇയാളെ മറ്റൊരു കേസിൽ അറസ്റ്റ് ചെയ്തിരിക്കുകയാണ്. വാഹന മോാഷണക്കേസിലാണ് പ്രതിയെ പോലീസ് പിടികൂടിയത്. എന്ത് വിഷമാണ് കുട്ടിയുടെ കയ്യിൽ കുത്തിവെച്ചതെന്ന് പരിശോധിച്ചു വരിയാണെന്ന് അധികൃതർ അറിയിച്ചു.