സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിന്റെ സഹോദരനും പങ്കെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ. ‘ അന്വേഷണം മുന്നോട്ട് പോവുമ്പോള്‍ പല പേരുകളും പറഞ്ഞ് കേള്‍ക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിന്റെ സഹോദരന്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ ഇത്തരം സംഘങ്ങളുമായി ബന്ധമുള്ളവരാണെന്ന് പറയുന്നു. ഇതിലേക്ക് കൃത്യമായ അന്വേഷണം പോവേണ്ടതുണ്ട്,’ ഷാഫി പറമ്പില്‍ പറഞ്ഞു.അര്‍ജുന്‍ ആയങ്കിയില്‍ മാത്രം ഒതുങ്ങുന്ന കേസല്ല ഇതെന്നും ഇതിലും വലിയ ക്വട്ടേഷന്‍ സംഘം സിപിഐഎമ്മിന്റെ പിന്തുണയോടെ ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഷാഫി മാധ്യമങ്ങളോട് പറഞ്ഞു
ഓരോ ദിവസവും വരുന്ന വെളിപ്പെടുത്തലുകള്‍ മുഴുവന്‍ ഇതിന്റെ പിന്നിലെ ഉന്നതരുടെ പങ്കാളിത്തത്തെ സംബന്ധിച്ചും സിപിഐഎം കാലാകാലങ്ങളായി സംരക്ഷിച്ചു കൊണ്ടിരിക്കുന്ന ക്വട്ടേഷന്‍ സംഘങ്ങളെക്കുറിച്ചുമാണ്. ഇന്ന് പുറത്തു വന്ന ശബ്ദരേഖ പ്രകാരം പാര്‍ട്ടിക്ക് ഇതിനകത്ത് വിഹിതമുണ്ടെന്നാണ് പറയുന്നത്. പ്രാദേശികമായി പാര്‍ട്ടി വിഹിതം പറ്റുന്നു എന്നാണ് പറയുന്നത്. ജയിലിനകത്തും പുറത്തുമുള്ള ആളുകള്‍ ഇതിനൊക്കെ നേതൃത്വം നല്‍കുന്നു എന്നാണ് പറയുന്നത്. പൊലീസിന്റെ അന്വേഷണം കൊണ്ടു മാത്രം ഇതിന്റെ കള്ളക്കളികള്‍ വെളിച്ചത്തു കൊണ്ടു വരാന്‍ പറ്റുമെന്ന വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. ഇതില്‍ സ്വതന്ത്ര അന്വേഷണം നടക്കണം. കസ്റ്റംസിന് പുറത്തുള്ള അന്വേഷണ സംഘം കേസ് അന്വേഷിക്കണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.