ദില്ലി: ജമ്മുകശ്മീരിലെ സാഹചര്യം ചര്‍ച്ച ചെയ്യാനുള്ള സർവ്വകക്ഷി യോഗം പ്രധാനമന്ത്രിയുടെ വസതിയിൽ തുടങ്ങി. അമിത് ഷാ, രാജ്നാഥ് സിംഗ്, ജമ്മുകശ്മീർ ലഫ്റ്റനന്‍റ് ഗവർണ്ണർ മനോജ് സിൻഹ, അജിത് ഡോവൽ, ഫറൂഖ് അബ്ദുള്ള, മെഹബൂബ മുഫ്തി എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നു. ജമ്മുകശ്മീരിലെ 14 നേതാക്കളെയാണ് യോഗത്തിനായി ക്ഷണിച്ചത്.
യോഗത്തിൽ പങ്കെടുക്കാൻ കശ്മീര്‍ താഴ്വരയിലെ പാര്‍ട്ടികളുടെ ഗുപ്കര്‍ സഖ്യം നേരത്തെ തീരുമാനിച്ചിരുന്നു. കശ്മീരിന്‍റെ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്നാണ് ഇവരുടെ ആവശ്യം. ആറു പാർട്ടികളുടെ ഗുപ്കർ സഖ്യം ജമ്മുകശ്മീരിലെ സ്ഥിരം താമസക്കാർക്ക് മാത്രം പ്രത്യേക അവകാശങ്ങൾ നൽകുന്ന 35 എ അനുച്ഛേദം പുനസ്ഥാപിക്കണം എന്ന നിർദ്ദേശവും ഉയർത്തും. എന്നാൽ ഈ ആവശ്യങ്ങൾ ഏറ്റെടുക്കില്ല എന്ന സൂചനയാണ് കോൺഗ്രസ് നൽകുന്നത്. പൂര്‍ണ സംസ്ഥാന പദവി എന്ന ആവശ്യം ഉന്നയിക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്.