ബംഗളൂരു : കർണാടകയിൽ കമിതാക്കളെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. യുവതിയുടെ അച്ഛനും സഹോദരനുമടക്കം നാല് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കർണാടകയിലെ വിജയ്പുര ജില്ലയിലെ സാലദ ഹള്ളിയിലാണ് സംഭവം. മുസ്ലീം യുവതിയേയും ദളിത് യുവാവിനെയുമാണ് തലയ്ക്ക് അടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. 19 കാരനായ ബസവരാജ് ബഡിഗേരിയേയും, 16 കാരിയായ മുസ്ലീം യുവതിയേയുമാണ് പ്രദേശത്തെ കുറ്റിക്കാടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. കയറിൽ കെട്ടിയിട്ട് കല്ലുകൊണ്ട് തലയ്ക്ക് അടിയേറ്റാണ് മരിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തൽ ദുരഭിമാനകൊലപാതകമാണെന്ന് തെളിഞ്ഞു.
ഇരുവരും പ്രണയത്തിലായിരുന്നെന്നും ഇതിനെ ശക്തമായി എതിർത്ത യുവതിയുടെ കുടുംബാംഗങ്ങൾ ഇവരെ കൊലപ്പെടുത്തുകയായിരുന്നു എന്നും പോലീസ് കണ്ടെത്തി. എന്നാൽ അപ്പോഴേയ്ക്കും യുവതിയുടെ കുടുംബാംഗങ്ങൾ ഒളിവിൽ പോയിരുന്നു. തുടർന്ന് നടത്തിയ അന്വേഷത്തിലാണ് പ്രതികൾ പിടിയിലായത്. യുവതിയുടെ പാതാവ് ബന്ദഗിസാബ് തമ്പട്, മകൻ ദവാൽ പട്ടേൽ, മരുമക്കളായ അല്ലാസാബ് പട്ടേൽ, റഫീഖ് പട്ടേൽ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ലാലെ സാബ് എന്ന പ്രതി ഒളിവിലാണെന്നും അയാൾക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് സൂപ്രണ്ട് അനുപം അഗർവാൾ അറിയിച്ചു.