കൊറോണ ബാധിച്ച് മരിച്ചവരുടെ മൃതദേഹം വീട്ടിൽ കൊണ്ടുവരാം; ജപ്തി നടപടികൾ നിർത്തിവെയ്ക്കുമെന്ന് മുഖ്യമന്ത്രി KERALA CM

തിരുവനന്തപുരം : കൊറോണ ബാധിച്ച് മരിക്കുന്നവരുടെ ശവസംസ്‌കാര പ്രോട്ടോക്കോളിൽ മാറ്റം വരുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. മൃതദേഹം നിശ്ചിത സമയം വീട്ടിൽ കൊണ്ടുപോയി വെയ്ക്കാൻ അനുമതി നൽകി. ഒരു മണിക്കൂറിൽ താഴെ നേരം വീട്ടിൽ വെയ്ക്കാനാണ് അനുമതി. ചുരുങ്ങിയ രീതിയിൽ മതാചാര ചടങ്ങുകൾ നടത്താനും അനുവദിക്കുമെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

കൊറോണ ബാധിച്ച് മരിച്ചവരുടെ ബന്ധുക്കളുടെ മാനസിക സമ്മർദ്ദം ലഘൂകരിക്കേണ്ടതുണ്ട്. മഹാമാരിയിൽ സമൂഹം നേരിടുന്ന വലിയ പ്രശ്‌നമാണ് ഉറ്റവർ മരണപ്പെടുമ്പോൾ കാണാൻ കഴിയുന്നില്ല എന്നത്. ഇത് കണക്കിലെടുത്താണ് പുതിയ തീരുമാനം.

കൊറോണ ബാധിച്ച് മരിച്ചവർ നേരത്തെ വിവിധ ബാങ്കുകളിൽ നിന്നെടുത്ത ലോണുകൾ സ്വാഭാവികമായും മുടങ്ങിയിട്ടുണ്ടാകും. ഇതിന്റെ ഭാഗമായുള്ള ജപ്തി നടപടികൾ നിർത്തിവെയ്ക്കാൻ നിർദ്ദേശം നൽകിയതായും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ഡെൽറ്റ വകഭേദമാണ് തീവ്രവ്യാപനത്തിന് കാരണമായത്. രോഗ വ്യാപനം പതുക്കെ കുറഞ്ഞു സമയം എടുത്ത് ആകും അവസാനിക്കുക. അതിനാൽ നിലവിലെ നിയന്ത്രങ്ങളിൽ അയവ് വരുത്തേണ്ട സാഹചര്യം ഇല്ലെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.


Tags