കണ്ണൂര്‍: വാഹനാപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവ് അക്രമാസക്തനായി കണ്ണൂര്‍ ജില്ലാ ആശുപത്രി അടിച്ചു തകര്‍ത്തു. യുവാവിന്റെ ആക്രമണത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ആശുപത്രി ജീവനക്കാരനും പരുക്കേറ്റു. കണ്ണൂര്‍ സിറ്റി എസ്‌ഐ ബാബുജോണ്‍, സീനിയര്‍ സി.പി.ഒ സ്‌നേഹേഷ്, ആശുപത്രി ഡാറ്റ എന്‍ട്രി ഓപറേറ്റര്‍ ആദിഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്
സംഭവത്തില്‍ നീര്‍ച്ചാല്‍ സ്വദേശി ജംഷീറിനെതിരെ പൊലീസ് കേസെടുത്തു. തിങ്കളാഴ്ച പുലര്‍ച്ചയോടെ സിറ്റി മരക്കാര്‍കണ്ടിയില്‍ നടന്ന വാഹനാപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്നാണ് ജംഷീറിനെ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പ്രാഥമിക ചികിത്സ ലഭിച്ചശേഷം ഉണര്‍ന്ന ഇയാള്‍ ആശുപത്രി ജീവനക്കാരുടെ നിര്‍ദ്ദേശം വകവെക്കാതെ ഇറങ്ങിപ്പോയി. സുഹൃത്തുക്കള്‍ക്കൊപ്പം തിരിച്ചെത്തിയ ജംഷീര്‍ ആദിഷിനെയും പൊലീസ് ഉദ്യോഗസ്ഥരെയും കൈയേറ്റം ചെയ്യുകയായിരുന്നു. അത്യാഹിത വിഭാഗത്തിലെ കൗണ്ടര്‍, കസേരകള്‍ എന്നിവ അടിച്ചുതകര്‍ക്കുകയും ഉപകരണങ്ങള്‍ എടുത്തെറിയുകയും ചെയ്തു. സംഭവശേഷം ഇയാളെ സുഹൃത്തുക്കള്‍ കാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു.
പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. വാഹനാപകടത്തില്‍ തലക്കും മറ്റും പരിക്കേറ്റതിനാല്‍ ഇയാള്‍ നിലവില്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കുനേരെ യുവാവ് നടത്തിയ അക്രമത്തില്‍ കെ.ജി.എം.ഒ.എ പ്രതിഷേധിച്ചു.