ശ്രീനഗർ: ജമ്മുകശ്മീരിൽ വീണ്ടും ഡ്രോൺ കണ്ടെത്തി. സുഞ്ച്വാൻ സൈനിക താവളത്തിലാണ് ഡ്രോൺ കണ്ടെത്തിയത്. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. തുടർച്ചയായ മൂന്നാം ദിവസമാണ് ജമ്മുവിൽ ഡ്രോൺ കണ്ടെത്തുന്നത്. ഈ സാഹചര്യത്തിൽ പ്രദേശത്ത് അതീവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. വ്യോമതാവളത്തിന് നേർക്ക് ഡ്രോൺ ഉപയോഗിച്ച് നടത്തിയ ആക്രമണവുമായി ഇതിന് പങ്കുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം
ഇന്നലെ ജമ്മു കശ്മീരിലെ അതീവ സുരക്ഷാ മേഖലയായ കലുചുക് സൈനിക താവളത്തിൽ രണ്ട് ഡ്രോണുകൾ കണ്ടെത്തിയിരുന്നു. ഡ്രോൺ ശ്രദ്ധയിൽപ്പെട്ടതോടെ ഇതിനെ വെടിവെച്ചിടാൻ സൈനികർ ശ്രമിച്ചിരുന്നു. എന്നാൽ ഡ്രോൺ ഇരുട്ടിൽ മറയുകയായിരുന്നു. പുലർച്ചെ മൂന്ന് മണിയോടെയാണ് ഇന്നലെ ഡ്രോൺ പ്രത്യക്ഷപ്പെട്ടത്.
ജമ്മുവിലെ വ്യോമ താവളത്തിൽ കഴിഞ്ഞ ദിവസമുണ്ടായ ഇരട്ട സ്‌ഫോടനത്തിന് ഉപയോഗിച്ച സ്‌ഫോടക വസ്തു ഡ്രോൺ ഉപയോഗിച്ചാണ് നിക്ഷേപിച്ചതെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെയും ഇന്നും സൈനിക താവളത്തിന് സമീപം ഡ്രോണുകളുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. കലുചുക് താവളത്തിൽ കണ്ടെത്തിയ ഡ്രോണുകൾക്ക് നേരെ സൈനികർ 20 തവണ വെടിയുതിർത്തതായാണ് വിവരം