ന്യൂഡൽഹി : രാജ്യത്തിനെതിരെ നടക്കുന്ന ആക്രമണങ്ങളെ ശക്തമായി പ്രതിരോധിച്ച് മുന്നോട്ട് പോകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം. ജമ്മു കശ്മീരിലെ വ്യോമ താവളത്തിൽ നടന്ന ഡ്രോൺ ആക്രമണത്തിന് പിന്നാലെയാണ് അവലോകന യോഗം നടന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജനാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരും യോഗത്തിൽ പങ്കെടുത്തു
ആക്രമണങ്ങൾക്കെതിരെ ശക്തമായി പോരാടി മുന്നോട്ട് പോകണമെന്ന നിർദ്ദേശം സൈന്യത്തിന് യോഗം നൽകി. ജമ്മു കശ്മീരിൽ നടന്ന ആക്രമണം സംബന്ധിച്ച് വിശദമായ ചർച്ചകൾ നടന്നു എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ലഡാക്ക് സന്ദർശനം പൂർത്തിയാക്കി തിരിച്ചെത്തിയ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് മേഖലയിലെ സാഹചര്യങ്ങൾ പ്രധാനമന്ത്രിയോട് വ്യക്തമാക്കി.
പുതിയ ആക്രമണ രീതികളെ പ്രതിരോധിക്കുന്നത് സംബന്ധിച്ച് യോഗത്തിൽ ചർച്ച ചെയ്തു. ഇന്ത്യൻ സൈന്യത്തിൽ വരുത്തേണ്ട ആധുനികവൽക്കരണം, അടിയന്തിര മാറ്റങ്ങൾ, എന്നിവയെ കുറിച്ചും ചർച്ച നടന്നതായാണ് സൂചന. നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്നതിന് മുൻപ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വ്യോമസേന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നു.
ഭീകരാക്രമണങ്ങൾക്കെതിരായി ഐക്യരാഷ്ട്ര സഭയുടെ യോഗത്തിലും ഇന്ത്യ നിലപാട് വ്യക്തമാക്കി. രാജ്യത്തിനെതിരെയുള്ള ഇത്തരം ആക്രമണങ്ങൾക്ക് സാങ്കേതിക വിദ്യയുടെ ദുരുപയോഗത്തിനായി ചില രാജ്യങ്ങളുടെ സഹായം കിട്ടുന്നുണ്ടെന്ന് ഇന്ത്യ പറഞ്ഞു. ഇതിനെതിരെ കൃത്യമായ പ്രവർത്തനം ഉണ്ടാകണമെന്നും രാജ്യം ആവശ്യപ്പെട്ടു. പാകിസ്താന്റെ ഡ്രോൺ ഉപയോഗത്തിന് ചൈനയുടെ സഹായം ലഭിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഇന്ത്യ ഇക്കാര്യം അറിയിച്ചത്