ശ്രീനഗർ : ജമ്മു കശ്മീരിൽ ഭീകരാക്രമണത്തിൽ പോലീസുകാരൻ കൊല്ലപ്പെട്ടു. മെൻഗൻവാരി പോലീസ് ഇൻസ്‌പെക്ടർ പർവേസ് അഹമ്മദ് ദറിനെ ആണ് ഭീകരർ വെടിവെച്ച് കൊലപ്പെടുത്തിയത്. രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം
മെൻഗൻവാരി മസ്ജിദിന് മുൻപിൽവെച്ചാണ് പർവേസിന് നേരെ ആക്രമണം ഉണ്ടായത്. മക്രിബ് പ്രാർത്ഥനയ്ക്കായി മസ്ജിദിൽ എത്തിയതായിരുന്നു പർവേസ്. പോലീസ് വാഹനത്തിൽ നിന്ന് ഇറങ്ങിയതും ഭീകരർ വെടിയുതിർക്കുകയായിരുന്നു.വെടിവെയ്പ്പിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പർവേസിന്റെ വാഹനം പിന്തുടർന്നാണ് ഭീകരർ മസ്ജിദിന് മുൻപിൽ എത്തിയത്
ജമ്മു കശ്മീർ ഐജിപി, ഡിഐജി, സികെആർ, ശ്രീനഗർ എസ്എസ്പി എന്നിവർ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുന്നത്. രണ്ട് ഭീകരരാണ് ആക്രമിച്ചതെന്നാണ് പ്രാഥമിക വിവരം.
നേരത്തെ ശ്രീനഗർ ഓൾഡ് സിറ്റി പോലീസ് സ്‌റ്റേഷന് നേരെ ഭീകരർ പെട്രോൾ ബോംബ് എറിഞ്ഞിരുന്നു.