കൊൽക്കത്ത: കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി സംഭാവന നൽകി ബിസിസിഐ അദ്ധ്യക്ഷൻ സൗരവ് ഗാംഗുലി. ഡാർജ്‌ലിംഗ് ജില്ലാ ഭരണകൂടത്തിനാണ് ഓക്‌സിജൻ കോൺസൺട്രേറ്ററുകൾ ഗാംഗുലി കൈമാറിയത്. രണ്ട് ഓക്സിജൻ കോൺസൺട്രേറ്ററുകളാണ് അദ്ദേഹം സംഭാവനയായി നൽകിയത്.
ജില്ലയിലെ ഓക്സിജൻ ക്ഷാമം പരിഹരിക്കുന്നതിനായി കോൺസൺട്രേറ്ററുകൾ സംഭാവനയായി നൽകണമെന്ന് രാഷ്ട്രീയ നേതാവ് അശോക് ഭട്ടാചാര്യ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് കോൺസൺട്രേറ്ററുകൾ നൽകിയത്. കോൺസൺട്രേറ്ററുകൾ വഴി ഉത്പാദിപ്പിക്കുന്ന ഓക്സിജൻ ജില്ലയിലെ പാവപ്പെട്ടവർക്ക് സൗജന്യമായി നൽകും.
സിലിഗൗരിയിലെ ഗാംഗുലിയുടെ വസതിയിൽ എത്തിയാണ് അധികൃതർ കോൺസൺട്രേറ്ററുകൾ ഏറ്റുവാങ്ങിയത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നേരത്തെ ഗാംഗുലി മെഡിക്കൽ ഉപകരണങ്ങൾ ഉൾപ്പെടെ സംഭാവനയായി നൽകിയിട്ടുണ്ട്. കഴിഞ്ഞ മാസം കൊൽക്കത്തയിലെ ആശുപത്രികൾക്കും, സർക്കാർ ഇതര സ്ഥാപനങ്ങൾക്കുമായി 50 ഓക്സിജൻ കോൺസൺട്രേറ്ററുകൾ ഗാംഗുലി സംഭാവന ചെയ്തിരുന്നു.