കൊറോണ വ്യാപനം: അമർനാഥ് തീർത്ഥാടനം പ്രതീകാത്മകമായി മാത്രം നടത്താൻ തീരുമാനം; ഭക്തർക്ക് നേരിട്ട് ദർശനം അനുവദിക്കില്ല Amarnath

ശ്രീനഗർ: കൊറോണ വ്യാപനത്തിന്റെ ഭീതി ഒഴിയാത്ത പശ്ചാത്തലത്തിൽ ഇക്കൊല്ലത്തെ അമർനാഥ് തീർത്ഥാടനം പ്രതീകാത്മകമായി മാത്രം നടത്താൻ തീരുമാനം. ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ അദ്ധ്യക്ഷനായ ശ്രീ അമർനാഥ് ക്ഷേത്ര ബോർഡിന്റേതാണ് തീരുമാനം. ഭക്തർക്ക് ഇക്കുറി നേരിട്ട് ദർശനം അനുവദിക്കേണ്ടെന്നാണ് തീരുമാനം.


പരമ്പരാഗത ആചാര അനുഷ്ഠാനങ്ങൾ റദ്ദാക്കിയിട്ടില്ല. രാവിലെയും വൈകിട്ടുമുളള ആരതികൾ വെർച്വലായി ഭക്തർക്ക് ദർശിക്കാൻ അവസരം ഉണ്ടാകും. രാവിലെ ആറ് മണിക്കും വൈകിട്ട് അഞ്ച് മണിക്കും അര മണിക്കൂർ വീതമാണ് ആരതി നടക്കുക. അമർനാഥ് ക്ഷേത്ര ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും ആപ്പിലൂടെയുമാണ് ദർശനത്തിന് സൗകര്യമുളളത്.

ജനങ്ങളുടെ ജീവൻ സംരക്ഷിക്കുകയെന്നതും പ്രധാനമാണ്. പൊതുജനതാത്പര്യം കണക്കിലെടുത്താണ് തീരുമാനം. ആയിരക്കണക്കിന് ഭക്തരുടെ വികാരത്തെ മാനിക്കുന്നുണ്ട്. അതുകൊണ്ടു തന്നെയാണ് വെർച്വൽ ദർശനത്തിനുളള അവസരം ബോർഡ് ഒരുക്കുന്നതെന്നും മനോജ് സിൻഹ യോഗത്തിന് ശേഷം പറഞ്ഞു.

ജമ്മു കശ്മീർ ചീഫ് സെക്രട്ടറി അരുൺ കുമാർ മേത്ത, ഡിജിപി ദിൽബാഗ് സിങ് എന്നിവരുമായും ലഫ്. ഗവർണർ ആശയവിനിമയം നടത്തിയിരുന്നു
Tags