ഗാന്ധിനഗർ: കൊറോണ പ്രതിരോധത്തിൽ ഇന്ത്യ ഏറെ മുന്നോട്ടുപോയെന്നും അടുത്ത മാസം മുതൽ വാക്‌സിനേഷൻ വേഗത ഇരട്ടിയാക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ഗാന്ധിനഗറിൽ കാലോൽ റെയിൽവേ പാലം ഉദ്ഘാടനത്തിൽ സംസാരിക്കു കയായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി
രാജ്യത്തെ വാക്‌സിനേഷൻ വേഗത്തിലാക്കാൻ എല്ലാ സംവിധാനങ്ങളും ആയിക്കഴിഞ്ഞു. ജുലൈ- ആഗസ്റ്റ് മാസത്തിൽ രാജ്യത്തെ വാക്‌സിനേഷനിൽ പ്രകടമായ മാറ്റം ദൃശ്യമാകുമെന്ന് അമിത് ഷാ പറഞ്ഞു. ലോകത്തെ വിവിധ രാജ്യങ്ങളെ പരിഗണിക്കുമ്പോൾ ഇന്ത്യയ്ക്കാണ് മുൻതൂക്കമെന്ന് അമിത് ഷാ വ്യക്തമാക്കി. പത്തുലക്ഷം പേരെ ഒരോ രാജ്യത്തും വാക്‌സിനെടുക്കുന്ന ശരാശരി കണക്കുകൾ പരിശോധിക്കുമ്പോൾ ഇന്ത്യയാണ് വാക്‌സിനേഷനിൽ മുന്നിലുള്ളതെന്നും മന്ത്രി പറഞ്ഞു.
വാക്‌സിൻ നയം കേന്ദ്രസർക്കാർ പുതുക്കിക്കഴിഞ്ഞു. എല്ലാവർക്കും വാക്‌സിൻ സൗജന്യമാക്കാനുള്ള ഘട്ടം ഘട്ടമായ നടപടിയാണ് നടന്നുവരുന്നത്. അതിനാൽ എത്രയും വേഗം എല്ലാവരും വാക്‌സിനെടുത്ത് സ്വയം പ്രതിരോധം തീർക്കണമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. ആദ്യ വാക്‌സിൻ സ്വീകരിച്ചവരും എത്രയും വേഗം രണ്ടാം ഘട്ടവും എടുത്ത് സമ്പൂർണ്ണ സുരക്ഷിതത്വം നേടണമെന്നും അമിത് ഷാ ആഹ്വാനം ചെയ്തു.