മുംബൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യും. ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി ദേശ്മുഖിന് നോട്ടീസ് അയച്ചു. അനിൽ ദേശ്മുഖിന്റെ സഹായിയായ രണ്ട് പേരെ നേരത്തെ കേസിൽ ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ദേശ്മുഖിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
നൂറ് കോടി രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടെന്ന പരാതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് എൻസിപി നേതാവായ ദേശ്മുഖിന് സമൻസ് അയച്ചിരിക്കുന്നത്. ദേശ്മുഖിന്റെ പേഴ്‌സണൽ സെക്രട്ടറി സഞ്ജീവ് പലാൻഡെ, പേഴ്‌സണൽ അസിസ്റ്റന്റ് കുന്ദൻ ഷിൻഡെ എന്നിവരെയാണ് നേരത്തെ അറസ്റ്റ് ചെയ്തത്. ഒൻപത് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമായിരുന്നു ഇവരുടെ അറസ്റ്റ്.
സംസ്ഥാനത്തെ ബാറുകളിൽ നിന്ന് മാസം 100 കോടി രൂപ പിരിച്ച് നൽകാൻ ദേശ്മുഖ് ആവശ്യപ്പെട്ടെന്ന മുൻ മുംബൈ പോലീസ് കമ്മീഷണർ പരംബീർ സിംഗിന്റെ ആരോപണം മഹാരാഷ്ട്ര സർക്കാരിനെ ഏറെ പ്രതിസന്ധിയിലാക്കിയിരുന്നു. പിന്നാലെയുള്ള സമ്മർദ്ദത്തെ തുടർന്നാണ് ആഭ്യന്തരമന്ത്രി സ്ഥാനത്ത് നിന്നും ദേശ്മുഖ് രാജിവെച്ചത്.
മുകേഷ് അംബാനിയുടെ വസതിയ്ക്ക് സമീപം സ്‌ഫോടക വസ്തുക്കൾ നിറച്ച കാർ കണ്ടെത്തിയ സംഭവത്തിൽ പരംബീർ സിംഗിനെ അന്വേഷണ സംഘത്തിൽ നിന്നും മാറ്റിയിരുന്നു. തുടർന്നാണ് പരംബീർ സിംഗ് ആഭ്യന്തരമന്ത്രിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി എത്തിയത്. കേസിൽ സസ്‌പെൻഷനിലായ ക്രൈംബ്രാഞ്ച് ഇൻസ്‌പെക്ടർ സച്ചിൻ വാസെയെ ഉപയോഗിച്ച് മുംബൈയിലെ ബാറുകളിൽ നിന്നായി എല്ലാമാസവും 100 കോടി രൂപ കൈക്കലാക്കാൻ ദേശ്മുഖ് ശ്രമിച്ചുവെന്നാണ് പരംബീർ സിംഗ് വെളിപ്പെടുത്തിയത്.
വാസെയെപ്പോലെ നിരവധി പോലീസുകാർക്ക് ആഭ്യന്തരമന്ത്രാലയം ഇത്തരത്തിൽ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കത്തിൽ പറയുന്നു. മുംബൈയിൽ ഏകദേശം 1750 ബാറുകളും ഭക്ഷണശാലകളും മറ്റ് സ്ഥാപനങ്ങളുമുണ്ട്. ഓരോയിടത്തുനിന്നും 23 ലക്ഷം രൂപ ശേഖരിച്ചാൽ 4050 കോടി രൂപ സംഘടിപ്പിക്കാമെന്ന് ദേശ്മുഖ് സച്ചിൻ വാസെയോട് പറഞ്ഞതായും പരംബീർ സിംഗ് വ്യക്തമാക്കിയിരുന്നു.