ശ്രീനഗർ : ജമ്മുകശ്മീരിൽ സിആർപിഎഫ് സംഘത്തിന് നേരെ ഭീകരാക്രമണം. ഭീകരരുടെ ഗ്രനേഡ് ആക്രമണത്തിൽ കാൽനട യാത്രക്കാരായ സ്ത്രീയുൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. ശ്രീനഗറിലെ ബാർബർഷാഹ് മേഖലയിലെ സിആർപിഎഫ് ബങ്കറിന് നേരെയാണ് ഗ്രനേഡ് ആക്രമണം ഉണ്ടായത്
വൈകീട്ടോടെയായിരുന്നു സംഭവം. വാഹനങ്ങളിലെത്തിയ ഭീകര സംഘം ഗ്രനേഡ് എറിഞ്ഞ ശേഷം കടന്നു കളയുകയായിരുന്നു. എന്നാൽ ലക്ഷ്യം തെറ്റി ഇവ വഴിയിൽ പതിച്ചു. ഈ സമയം അതുവഴി പോകുകയായിരുന്ന കാൽനട യാത്രക്കാർക്കാണ് പരിക്കേറ്റത്. ഇവരെ ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആക്രമണം നടത്തിയ ഭീകരർക്കായുള്ള അന്വേഷണം തുടരുകയാണ്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. സിആർപിഎഫ് ബങ്കറിന് സമീപം കൂടുതൽ സേനയെ വിന്യസിച്ചു.