ശസ്ത്രക്രിയയ്ക്ക് മുൻപ് ലാലേട്ടനെ ഒന്ന് കാണണമെന്ന് ശ്രീഹരി: കുഞ്ഞിന് സർപ്രൈസ് നൽകി താരം

തിരുവനന്തപുരം : മോഹൻലാലിനെ ഒരു നോക്ക് കാണണം, അതായിരുന്നു നിരണം സ്വദേശിയായ ശ്രീഹരിയുടെ ആഗ്രഹം. തന്റെ 16-ാമത് ശസ്ത്രക്രിയയ്ക്ക് പോകുന്നതിന് മുൻപാണ് ശ്രീഹരി ഈ ആഗ്രഹം പറയുന്നത്. ഇത് അറിഞ്ഞ മോഹൻലാൽ പിന്നെ ഒട്ടും വൈകിപ്പിച്ചില്ല. ശ്രീഹരിയുടെ വീട്ടിലേയ്ക്ക് വിളിച്ച് കുട്ടിയോട് സംസാരിച്ചു. പ്രൊഡക്ഷൻ കൺട്രോളർ ആയ ബാദുഷയാണ് ഈ വിവരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ലാലേട്ടൻ കുട്ടിയുമായി സംസാരിക്കുന്ന ഓഡിയോയും ബാദുഷ പങ്കുവെച്ചിട്ടുണ്ട്.

ഫോണിലൂടെ മോഹൻലാലിന്റെ ശബ്ദം കേട്ടതും ശ്രീഹരിയുടെ അമ്മയ്ക്ക് അമ്പരപ്പായിരുന്നു. പിന്നെ ഒരു നോക്ക് കാണാനെങ്കിലും പറ്റുമോ എന്ന് ചോദിച്ചു. എന്നാൽ കൊറോണ കാലമായതിനാൽ അക്കാര്യം സാധ്യമാവാത്തതിനെ കുറിച്ച് മോഹൻലാൽ വിശദീകരിച്ചു. എങ്കിൽ വീഡിയോ കോൾ എങ്കിലും ചെയ്യാൻ പറ്റുമോ എന്നായി. ഇപ്പോൾ ചികിത്സയിലായതിനാൽ കൃത്യമായ സമയം കണ്ടെത്തി വീഡിയോ കോൾ നടത്താം എന്ന് താരം ഉറപ്പുനൽകി. പിന്നീട് ശ്രീഹരിയോടും മോഹൻലാൽ സംസാരിച്ചു. കുട്ടിയുടെ സുഖവിവരങ്ങൾ അന്വേഷിച്ച താരം വീഡിയോ കോളിലൂടെ കാണാമെന്ന് ഉറപ്പ് നൽകി.

നിരണം കേന്ദ്രീകരിച്ച ഒരു ഫേസ്ബുക്ക് പേജിലാണ് ശ്രീഹരിയുടെ ആഗ്രഹത്തെക്കുറിച്ചുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ബ്ലാഡറിൽ അണുബാധയെത്തുടർന്ന് നിരവധി ശസ്ത്രക്രിയകൾക്ക് ശ്രീഹരി വിധേയമായിക്കഴിഞ്ഞു. ബ്ലാഡറിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങൾ ശരീരത്തെ മോശമായി ബാധിക്കും. ഏഴാം ക്ലാസ് വിദ്യാർത്ഥിയാണെങ്കിലും എൽകെജിക്കാരന്റെ പോലും അവസ്ഥയല്ല ശ്രീഹരിയ്ക്ക് എന്ന് അമ്മ സങ്കടത്തോടെ പറയുന്നു. കുട്ടിയ്ക്ക് സംസാരിക്കാൻ സാധിക്കും. പക്ഷേ അത് അവന്റേതായ രീതിയിൽമാത്രമേ സാധിക്കൂ.

 

ബാദുഷയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം-

കഴിഞ്ഞ ദിവസമാണ് ഈ പോസ്റ്റർ ഒരു സുഹൃത്ത് അയച്ചു തരുന്നത്. അപ്പോൾ തന്നെ ഈ മെസേജ് ഞാൻ ലാലേട്ടന് അയച്ചു കൊടുത്തു.
ഉടൻ തന്നെ ശ്രീഹരിക്ക് ലാലേട്ടന്റെ വിളിയെത്തി.
അവന് വലിയ ആഗ്രഹമായിരുന്നു ലാലേട്ടനെ കാണുക എന്നത്.
ശ്രീഹരിയുടെ അസുഖം വേഗത്തിൽ ഭേദമാവട്ടെ…
ലാലേട്ടന്റെ ഈ കരുതലിനു നന്ദി.
Tags