ലോകത്തെ ഏക സംസ്കൃത പത്രമായ ‘സുധര്‍മ’യുടെ പത്രാധിപര്‍ സമ്പത്ത് കുമാര്‍ അന്തരിച്ചു

ബംഗളൂരു: രാജ്യത്തേയും ലോകത്തേയും ഏക സംസ്കൃത പത്രമായ ‘സുധര്‍മ’യുടെ പത്രാധിപരും മാനേജിങ് ഡയറക്ടറുമായ കെ.വി. സമ്പത്ത് കുമാര്‍ (64) ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. മൈസൂരുവില്‍ ബുധനാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. 1970 ൽ കെ.വി. സമ്പത്ത് കുമാറിെന്‍റ പിതാവ് പണ്ഡിറ്റ് കെ. എന്‍. വരദരാജ അയ്യങ്കാര്‍ ആണ് ‘സുധര്‍മ’ സ്ഥാപിച്ചത്.

സംസ്കൃത ഭാഷയില്‍ പ്രസിദ്ധീകരിച്ചിരുന്ന ഏക പത്രമെന്ന നിലയില്‍ സുധര്‍മ്മ ആദ്യകാലം മുതലെ ശ്രദ്ധ നേടിയിരുന്നു. റിപ്പോര്‍ട്ടര്‍, പ്രൂഫ് റീഡര്‍, എഡിറ്റര്‍, പബ്ലിഷര്‍ എന്നിങ്ങനെ സുധര്‍മയില്‍ പല സ്ഥാനങ്ങളിലും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.

സംസ്കൃത ഭാഷയേയും അതിെന്‍റ സാംസ്കാരിക തനിമയേയും നിലനിര്‍ത്താനായി വെല്ലുവിളികള്‍ അതിജീവിച്ച്‌ അമ്പത് വര്‍ഷത്തോളം പ്രസിദ്ധീകരണം നിലനിര്‍ത്തിയിരുന്നു. സംസ്കൃത ഭാഷക്ക് നല്‍കിയ ഈ സംഭാന കണക്കിലെടുത്ത് കെ. വി. സമ്പത്ത് കുമാറിനേയും അദ്ദേഹത്തിെന്‍റ ഭാര്യ വിദുഷി കെ.എസ്. ജയലക്ഷ്മിയേയും 2020ല്‍ രാജ്യം പത്മശ്രീ പുരസ്ക്കാരം നല്‍കി ആദരിച്ചിരുന്നു. പ്രിന്‍റില്‍ നിന്നും പിന്നീട് ഡിജിറ്റല്‍ രൂപത്തിലേക്ക് മാറിയ സുധര്‍മയുടെ ഇ-പേപ്പര്‍ പതിപ്പിന് ഇപ്പോള്‍ രാജ്യത്തെ പല സംസ്കൃത യൂനിവേഴ്‌സിറ്റികളിലുമായി 4000ത്തോളം സ്ഥിര വായനക്കാരുണ്ട്.

കെ.വി. സമ്പത്ത് കുമാറിെന്‍റ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. പ്രചോദനം നല്‍കുന്ന വ്യക്തിത്വമാണ് കെ.വി. സമ്പത്ത് കുമാറിെന്‍റതെന്നും സംസ്കൃത ഭാഷ യുവാക്കള്‍ക്കിടയില്‍ ജനകീയമാക്കുന്നതിന് അക്ഷീണം പ്രയ്തനിച്ചിരുന്നുവെന്നും പ്രധാനമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ ഉള്‍പ്പെടെയുള്ള നേതാക്കളും അനുശോചനം അറിയിച്ചു.
Tags