ന്യൂഡല്‍ഹി : ഇന്ത്യ തദ്ദേശീയമായി നിര്‍മിക്കുന്ന രണ്ടാമത്തെ കോവിസ് വാക്‌സീന്‍ കോര്‍ബേവാക്‌സ് സെപ്റ്റംബറോട് കൂടി ലഭ്യമായേക്കുമെന്ന് നീതി ആയോഗ് അംഗം വി.കെ പോള്‍ അറിയിച്ചു. ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബയോളജിക്കല്‍ ഇ എന്ന കമ്പനിയാണ് കോര്‍ബേവാക്‌സിന്റെ നിര്‍മാതാക്കള്‍.
ഇതിന്റെ ആദ്യ ഘട്ടങ്ങളിലെ പരീക്ഷണങ്ങളുടെ ശാസ്ത്രീയ വിവരങ്ങള്‍ പ്രതീക്ഷ പകരുന്നതാണെന്ന് വി.കെ പോള്‍ പറഞ്ഞു. കോര്‍ബേവാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. 30 കോടി കോര്‍ബേവാക്‌സിനുള്ള ഓര്‍ഡറാണ് ഗവണ്‍മെന്റ് നല്‍കിയിരിക്കുന്നത്. വാക്‌സീന്‍ വില കമ്പനി ഇനിയും പ്രഖ്യാപിച്ചിട്ടില്ല.വാക്‌സീന്‍ വികസനത്തിനായി ഗവണ്‍മെന്റ് നല്‍കിയ തുക ഡോസുകള്‍ വാങ്ങുന്ന സമയത്ത് കുറയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തേ 25 കോടി ഡോസ് കോവീഷീല്‍ഡിനും 19 കോടി കോവാക്‌സിനും ഗവണ്‍മെന്റ് ഓര്‍ഡര്‍ നല്‍കിയിരുന്നു. ഡിസംബര്‍ മാസത്തോട് കൂടി ഇവ ലഭ്യമാകുമെന്നാണ് കരുതുന്നത്. വാക്‌സീന്‍ തുകയുടെ 30 ശതമാനം അസ്വാന്‍സ് ആയി സീറം ഇന്‍സ്റ്റിറ്റ്യൂട്ടിനും ഭാരത് ബയോടെക്കിനും നല്‍കിയിട്ടുണ്ട്. ബയോളജിക്കല്‍ ഇ കമ്പനിക്ക് 1500 കോടി രൂപ അഡ്വാന്‍സ് നല്‍കുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.