ബി.ജെ.പിയില്‍ നിന്ന് ഇനിയും കൂടുതൽ പേർ തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ തിരിച്ചെത്തും: മമതാ ബാനര്‍ജി

കൊല്‍ക്കത്ത : തൃണമൂല്‍ കോണ്‍ഗ്രസ്സിലേക്ക് ബി.ജെ.പി.യില്‍ നിന്ന് ഇനിയും കൂടുതൽ പേർ തിരിച്ചെത്തുമെന്ന് ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ മേധാവിയുമായ മമതാ ബാനര്‍ജി. മുന്‍ തൃണമൂല്‍ നേതാവും പിന്നീട് ബി.ജെ.പിയിലേക്ക് കൂറുമാറുകയും ചെയ്ത മുകുള്‍ റോയി തിരിച്ചെത്തിയതിന് തൊട്ടുപിന്നാലെയാണ് മമതയുടെ പരാമർശം.

അതേസമയം, പാര്‍ട്ടിയെ അവഹേളിച്ചും അപമാനിച്ചും തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് പാര്‍ട്ടി വിട്ടവരെ തിരിച്ചെടുക്കില്ലെന്ന് മമത വ്യക്തമാക്കി. പണത്തിന് വേണ്ടി പാര്‍ട്ടി വിട്ടവരെയും പരിഗണിക്കില്ലെന്ന് മമത പറഞ്ഞു.

മുകുള്‍ റോയി തൃണമൂല്‍ കോണ്‍ഗ്രസ്സിലേക്ക് തിരിച്ചെത്തിയേക്കുമെന്ന സൂചന നേരത്തെ പുറത്തുവന്നിരുന്നു. തൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജിയുമായി മുകുള്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തിരിച്ചെടുക്കലുമായി ബന്ധപ്പെട്ട കാര്യത്തില്‍ തീരുമാനമായത്. 2017-ലാണ് മുകുള്‍ പാര്‍ട്ടി വിട്ടത്. തൃണമൂലിന്റെ സ്ഥാപക അംഗം കൂടിയാണ് അദ്ദേഹം.