കൊറോണയുടെ പുതിയ വകഭേദം റഷ്യയിൽ കണ്ടെത്തിയതായി സൂചന ; നിലവിലെ ചികിത്സ ഫലപ്രദമാകുന്നില്ലെന്ന് ഡോക്ടർമാർ

മോസ്കോ ; കൊറോണ വൈറസിന്റെ പുതിയ വകഭേദം റഷ്യയിൽ കണ്ടെത്തിയതായി സൂചന . സ്പുട്നിക് വാക്സിൻ പുതിയ വകഭേദത്തെ നേരിടാൻ പര്യാപ്തമാണോ എന്ന് കണ്ടെത്താൻ പഠനങ്ങൾ തുടങ്ങിയതായി സ്പുട്നിക് വാക്സിൻ വികസിപ്പിച്ച ഗമാലേയ സെന്റർ മേധാവി അലക്സാണ്ടർ ജിന്റ്സ്ബർഗ് പറഞ്ഞു.

നിലവിൽ മോസ്കോയിൽ പുതിയ കൊറോണ കേസുകൾ വർദ്ധിക്കുന്നതിനെ കുറിച്ച് മോസ്കോ അധികൃതർ മുന്നറിയിപ്പ് നൽകിയതിനു പിന്നാലെയാണ് അലക്സാണ്ടർ ജിന്റ്സ്ബർഗിന്റെ പ്രസ്താവന. വാക്സിൻ ഫലപ്രദമാകുമെന്നാണ് തങ്ങൾ കരുതുന്നതെന്നും , പക്ഷേ പഠന ഫലങ്ങൾക്കായി കാത്തിരിക്കണം എന്നും ജിന്റ്സ്ബർഗ് പറഞ്ഞു.

അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നതും പരിവർത്തനം ചെയ്യുന്നതുമായ കൊറോണ വൈറസിനെ കുറിച്ച് വളരെ കുറച്ച് വിവരങ്ങൾ മാത്രമേ റഷ്യ പുറത്ത് വിട്ടിട്ടുള്ളൂ . മോസ്കോയിലെ കൊറോണ വൈറസ് വകഭേദം ഭീഷണിയാകുമെന്ന ആശങ്ക തള്ളിക്കളയാനാവില്ലെന്ന് ഗമാലേയയുടെ ഡെപ്യൂട്ടി ഹെഡ് ഡെനിസ് ലോഗുനോവ് പറഞ്ഞു. രോഗബാധിതരുടെ എണ്ണം ദിനം പ്രതി വർധിക്കുകയാണ്.

എന്നാൽ ഇപ്പോൾ ചികിത്സയിലുള്ള കൊറോണ രോഗികൾ ഫലപ്രദമായി ചികിത്സകളോട് പ്രതികരിക്കുന്നില്ലെന്ന് മോസ്കോയിലെ പ്രധാന കൊറോണ ആശുപത്രി ചീഫ് ഡോക്ടർ ഡെനിസ് പ്രോറ്റ്സെൻകോ പറഞ്ഞു . രാജ്യത്ത് പരിവർത്തനം ചെയ്ത കൊറോണ വൈറസ് പടരുന്നുവെന്ന ആശങ്കയ്ക്കിടയിലാണ് നിലവിലെ ചികിത്സാ രീതികൾ ഫലപ്രദമാകില്ലെന്ന റിപ്പോർട്ടുകളും പുറത്ത് വന്നത് .

നൂറ് കണക്കിന് ആശുപത്രി കിടക്കകൾ മോസ്‌കോയിൽ സജ്ജമാക്കുന്നതായും ജനങ്ങളോട് വീട്ടിലിരുന്ന് ജോലി ചെയ്യാനും ആവശ്യപ്പെട്ടതായി മോസ്‌കോ മേയ‌ർ സെർജി സോബ്‌യാനിൻ അറിയിച്ചു. ഇന്ത്യയിൽ കണ്ടെത്തിയ കൊറോണ വകഭദേത്തിന് റഷ്യയുടെ സ്പുട്നിക് വാക്സിൻ ഏറെ ഫലപ്രദമാണെന്ന് ജനുവരിയിൽ ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച പിയർ റിവ്യൂ റിസർച്ചിൽ വ്യക്തമാക്കിയിരുന്നു.
Tags