കൊവിഡ് 19 ഡെൽറ്റ വകഭേദത്തിന് സ്പുട്നിക് വി വാക്സിൻ ഫലപ്രദമെന്ന് റഷ്യ. റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെൻ്റ് ഫണ്ട് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെ സ്പുട്നിക് വി തന്നെ ആർഡിഐഎഫിൻ്റെ പ്രസ്താവന പുറത്തുവിട്ടു. ഇന്ന് മുതൽ സ്പുട്നിക് വി ഇന്ത്യയിൽ ലഭ്യമായിത്തുടങ്ങിയിരുന്നു.
‘ആർഡിഐഎഫ്: കൊവിഡ് ഡെൽറ്റ വകഭേദത്തിനെതിരെ സ്പുട്നിക് വി മറ്റേത് വാക്സിനുകളെക്കാളും ഏറെ ഫലപ്രദമാണ്.’- സ്പുട്നിക് വി ട്വീറ്റ് ചെയ്തു.
ഡൽഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിൽ നിന്നാണ് സ്പുട്നിക് വി വാക്സിൻ ലഭ്യമാവുക. രാജ്യത്ത് വാക്സിൻ ക്ഷാമം നിലനിൽക്കുന്ന സാഹചര്യത്തിലാണ് സ്പുട്നിക് എത്തുന്നത്. ഇതുവരെ, രാജ്യത്തെ ജനസംഖ്യയുടെ 3 ശതമാനത്തിനു മാത്രമേ വാക്സിൻ നൽകാൻ കഴിഞ്ഞിട്ടുള്ളൂ എന്നാണ് കണക്ക്.
സ്പുട്നിക് വാക്സിന് 1145 രൂപയാണ് സ്വകാര്യ ആശുപത്രികളിലെ പരമാവധി വില. ആശുപത്രി നിരക്കുകളും നികുതിയുമൊക്കെ ഉൾപ്പെടെയാണ് ഈ വില.
രാജ്യത്ത് 24 മണിക്കൂറിനിടെ 60471 ആളുകൾ കൊവിഡ് ബാധിതരായി. 2726 പേർ രോഗം ബാധിച്ച് മരിച്ചു. രോഗമുക്തി നിരക്ക് 95. 60 ശതമാനമായി ഉയർന്നു. 75 ദിവസത്തെ ഏറ്റവും കുറഞ്ഞ പ്രതിദിനക്കണക്കാണിത്. ചികിത്സയിലുള്ളവരുടെ എണ്ണം പത്ത് ലക്ഷത്തിൽ താഴെയാണ്. ചികിത്സയിലുള്ളവരുടെ എണ്ണത്തിൽ 66 ദിവസത്തെ കുറഞ്ഞ കണക്കാണിത്.