ഭുവനേശ്വർ : പരിസ്ഥിതി പ്രവർത്തകനും പത്മശ്രീ ജേതാവുമായ പ്രൊഫസർ രാധാ മോഹൻ അന്തരിച്ചു. 78 വയസ്സായിരുന്നു. ന്യൂമോണിയ ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
ദിവസങ്ങൾക്ക് മുൻപാണ് അദ്ദേഹത്തിന് ന്യൂമോണിയ ബാധ സ്ഥിരീകരിച്ചത്. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് രാവിലെയോടെയായിരുന്നു മരണം സംഭവിച്ചത്.
പരിസ്ഥിതി സംരക്ഷണത്തിനായി മൂന്ന് ദശാബ്ദക്കാലമായി അദ്ദേഹം അഖോരാത്രം പ്രവർത്തിച്ചിരുന്ന മഹത് വ്യക്തിത്വമായിരുന്നു അദ്ദേഹം. നയാഗ്ര ജില്ലയെ വന സമ്പന്നമാക്കിയത് രാധാ മോഹന്റെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങളായിരുന്നു. തരിശു ഭൂമികളിൽ മരങ്ങൾ വെച്ചുപിടിപ്പിച്ചായിരുന്നു അദ്ദേഹം ജില്ലയെ വന സമ്പന്നമാക്കിയത്.
ആളുകളിൽ പ്രകൃതി സംരക്ഷണത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനായി സംഘടന രൂപീകരിച്ചായിരുന്നു പ്രവർത്തിച്ചിരുന്നത്. 30 വർഷക്കാലത്തെ അദ്ദേഹത്തിന്റെ വിശിഷ്ട സേവനത്തിന് കഴിഞ്ഞ വർഷമാണ് കേന്ദ്രസർക്കാർ പത്മശ്രീ നൽകി ആദരിച്ചത്.
രാധാ മോഹന്റെ നിര്യാണത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദും, പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനം രേഖപ്പെടുത്തി.