ഐ എസിൽ ചേർന്നവർ മടങ്ങി വന്ന് ഇന്ത്യൻ ഏജൻസികൾക്ക് മുന്നിൽ വായ തുറന്നാൽ പലരും അകത്താകും ; സന്ദീപ് വാര്യർ

കൊച്ചി : ഐ എസിൽ ചേർന്ന സ്ത്രീകൾ മടങ്ങി വന്ന് ഇന്ത്യൻ ഏജൻസികൾക്ക് മുന്നിൽ വായ തുറന്നാൽ പലരും അകത്താകുമെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യർ . യു പിയിലെ ജയിലിൽ കിടക്കുന്ന കാപ്പനെ രക്ഷിക്കാൻ കമ്മിറ്റി ഉണ്ടാക്കുന്നവർ ഇത്രയും കാലമായിട്ടും ഈ സത്രീകൾക്ക് വേണ്ടി സംസാരിക്കാത്തതിനു കാരണം തന്നെ ഇതാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു

അജ്മൽ കസബിനെ ജീവനോടെ ലഭിച്ചതുകൊണ്ടാണ് മുബൈ ഭീകരാക്രമണത്തിൽ പാകിസ്താനെ അന്താരാഷ്ട്ര തലത്തിൽ ഒറ്റപ്പെടുത്താൻ സാധിച്ചത്. അഫ്ഗാൻ ജയിലിൽ കിടക്കുന്ന സ്ത്രീകൾ ജീവിക്കുന്ന തെളിവുകളാണ് . അവർ ഇന്ത്യയിൽ വന്നാൽ , അവരെ പ്രോൽസാഹിപ്പിച്ച ചില സംഘടനകളും മതപ്രഭാഷകരും വ്യാപാര വ്യവസായികളും എല്ലാം പ്രതിക്കൂട്ടിലാവും . മാത്രമല്ല ഇവരുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു മലയാളിക്ക് അഫ്ഗാനിൽ 25 സിഖുകാരെ കൂട്ടക്കൊല ചെയ്ത ഭീകരാക്രമണത്തിൽ പങ്കുമുണ്ട് .

കുൽ ഭൂഷൺ യാദവിനു വേണ്ടി അന്താരാഷ്ട്ര കോടതിയിൽ കേസ് വാദിക്കാനും ഐഎസ് ഭീകരവാദികളുടെ കയ്യിൽ അകപ്പെട്ട മലയാളി നഴ്സുമാരെ മോചിപ്പിക്കാനും താലിബാൻ ഭീകരരുടെ പടിയിൽ നിന്ന് ക്രൈസ്തവ പുരോഹിതനെ മോചിപ്പിക്കാനും ഇന്ത്യ ഉണ്ടായിരുന്നു . യെമനിലെ യുദ്ധ ഭൂമിയിൽ നിന്ന് സ്വന്തം പൗരൻമാരെയും സഹായമഭ്യർത്ഥിച്ച മറ്റു രാജ്യക്കാരെപ്പോലും രക്ഷിക്കാനും ശ്രമിച്ച നമ്മുടെ കേന്ദ്ര സർക്കാർ പ്രതിസന്ധിയിൽ പെടുന്ന പൗരൻമാരെ ഉപേക്ഷിക്കില്ല . എന്നാൽ ഒരിക്കലും രാജ്യതാൽപ്പര്യത്തിന് വിരുദ്ധമായ നിലപാട് സ്വീകരിക്കുകയുമില്ല . അതു കൊണ്ട് ഉചിതമായ തീരുമാനം അമിത് ഷാ എടുക്കട്ടെയെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു .