സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്യാന്‍ വിഡിയോ ചിത്രീകരിച്ചതിന്റെ പേരില്‍ കൊല്ലം അഞ്ചലില്‍ കാമുകിയെ മണ്ണൈണ്ണ ഒഴിച്ച് തീകൊളുത്തിയ കാമുകനെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി. ഇയാളെ പൊലീസ് ഉടന്‍ ചോദ്യം ചെയ്യും. 40 ശതമാനം പൊള്ളലേറ്റ് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന കാമുകന്‍ ഷാനവാസ് അപകടനിലതരണം ചെയ്തിട്ടില്ല.
സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്യാനുള്ള വിഡിയോ ചിത്രീകരിച്ചതിന്റെ പേരിലാണ് കാമുകിയായ ആതിരയെ കാമുകന്‍ ഷാനവാസ് മണ്ണൈണ്ണ ഒഴിച്ച് തീ കൊളുത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആതിര കഴിഞ്ഞ ദിവസം മരിച്ചു. ആതിരയുടെ മരണ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഷാനവാസിനെതിരെ കൊലപാതകത്തിന് കേസെടുത്തു. എസ്.സി.എസ്.ടി വകുപ്പും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന ഷാനവാസ് അപകടനില തരണം ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസം അഞ്ചല്‍ സി.ഐ ആശുപത്രിയിലെത്തി ഇയാളെ കണ്ടിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനാല്‍ അന്ന് മൊഴിയെടുക്കാന്‍ സാധിച്ചിരുന്നില്ല. ഡോക്ടര്‍മാരുടെ സമ്മതപ്രകാരം രണ്ട് ദിവസത്തിനുള്ളില്‍ ഷാനവാസിന്റെ മൊഴിയെടുക്കാനാണ് പൊലീസ് നീക്കം. ആതിരയ്ക്കും ഷാനവാസിനും മൂന്ന് മാസം പ്രായമുള്ള കുഞ്ഞുണ്ട്. ആതിര നേരത്തെ വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ്. ഷാനവാസിനും ആദ്യവിവാഹത്തില്‍ രണ്ട് കുട്ടികളുണ്ട്. പുനലൂര്‍ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.