വിവിധ മന്ത്രാലയങ്ങളുടെ പ്രവർത്തനം വിലയിരുത്തി പ്രധാനമന്ത്രി: വരാനിരിക്കുന്നത് ജനപ്രിയ പദ്ധതികൾ

ന്യൂഡൽഹി: വിവിധ മന്ത്രാലയങ്ങള്‍ കോവിഡ് കാലത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ വസതിയില്‍ വ്യാഴാഴ്ച വൈകിട്ട് അഞ്ചിനു തുടങ്ങിയ അവലോകന യോഗം രാത്രി 10 വരെ നീണ്ടു. പുതിയ ജനപ്രിയ പദ്ധതികള്‍ നടപ്പാക്കുന്നതിനെക്കുറിച്ചും പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനെ കുറിച്ചുമായിരുന്നു പ്രധാന ചര്‍ച്ച.

18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ജൂണ്‍ 21 മുതല്‍ സൗജന്യമായി വാക്‌സീന്‍ നല്‍കുമെന്നു പ്രധാനമന്ത്രി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അവലോകനയോഗം ചേര്‍ന്നത്. കോവിഡ് കാലത്ത് ഈ മന്ത്രാലയങ്ങള്‍ക്കു നടപ്പാക്കാന്‍ കഴിയുന്ന പുതിയ പദ്ധതികളെക്കുറിച്ചും വിശദമായ ചര്‍ച്ച നടന്നു.

പെട്രോളിയം, സ്റ്റീല്‍, ജലശക്തി, നൈപുണ്യ വികസനം, സിവില്‍ ഏവിയേഷന്‍, ഹെവി ഇന്‍ഡസ്ട്രീസ്, പരിസ്ഥിതി എന്നീ മന്ത്രാലയങ്ങളുടെ ചുമതലയുള്ള മന്ത്രിമാരാണ് യോഗത്തിനെത്തിയത്.