മൂന്നാം തരംഗത്തിൽ കുട്ടികൾക്കിടയിൽ രോഗവ്യാപനം കൂടിയേക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ ഈ സാധ്യത മുൻകൂട്ടി കണ്ട് ചികിത്സയ്ക്കായി വേണ്ട സജ്ജീകരണങ്ങൾ സംസ്ഥാനം ചെയ്ത് കഴിഞ്ഞുവെന്നും മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് വന്ന കുട്ടികളിൽ അപൂർവമായി കണ്ടുവരുന്ന മൾട്ടി സിസ്റ്റം ഇൻഫഌമേറ്ററി സിൻഡ്രോം എന്ന രോഗത്തെ കണ്ടെത്താനും ചികിത്സിക്കാനുമുള്ള മാർഗരേഖയും തയാറാക്കിയതായും മുഖ്യമന്ത്രി അറിയിച്ചു.
മൂന്നാം തരംഗത്തിനുള്ള സാധ്യത മുൻകൂട്ടി കണ്ടുകൊണ്ട് ആവശ്യമായ തയാറെടുപ്പാണ് സംസ്ഥാനത്ത് നിലവിൽ നടത്തി വരുന്നത്. മുതിർന്നവരിൽ വലിയ ശതമാനം ആളുകൾക്കും വാക്‌സിനേഷൻ വഴിയും, രോഗബാധയാലും പ്രതിരോധ ശക്തി ആർജിക്കാൻ സാധ്യതയുള്ളതിനാൽ മൂന്നാം തരംഗത്തിൽ അതുവരെ കാര്യമായി രോഗബാധയുണ്ടാക്കാത്ത കുട്ടികൾക്കിടയിൽ കേസുകൾ കൂടിയേക്കാം. അക്കാര്യത്തിൽ കൂടുതൽ ശ്രദ്ധയോടെയാണ് സർക്കാർ മൂന്നോട്ട് പോകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കുട്ടികളെ വിവിധ വിഭാഗങ്ങളായി തിരിക്കുന്ന ട്രയാജ് പ്രോട്ടോകോൾ, ഡിസ്ചാർജ് നയം, മാർഗരേഖ, എന്നിവ കൃത്യമായി രൂപീകരിച്ച് കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് വന്ന കുട്ടികളിൽ അപൂർവമായി കണ്ടുവരുന്ന മൾട്ടി സിസ്റ്റം ഇൻഫഌമേറ്ററി സിൻഡ്രോം എന്ന രോഗത്തെ കണ്ടെത്താനും ചികിത്സിക്കാനുമുള്ള മാർഗരേഖയും തയാറാക്കി. ഇക്കാര്യങ്ങളിൽ ആരോഗ്യപ്രവർത്തകർക്ക് ആവശ്യമായ പരിശീലനം നൽകി വരികയാണ്. ഒപ്പം, ആശുപത്രികളിൽ കുട്ടികളുടെ ചികിത്സയ്ക്കാവശ്യമായ എല്ലാ സജ്ജീകരണങ്ങളും പൂർത്തീകരിച്ചുവരികയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.